മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം: 10 മന്ത്രിമാര്‍ക്കും 20 എംഎല്‍എമാര്‍ക്കും കോവിഡ്; 48 മണിക്കൂറിനിടെ ഇരട്ടിയിലേറെ രോഗികള്‍

മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം:  10 മന്ത്രിമാര്‍ക്കും 20 എംഎല്‍എമാര്‍ക്കും കോവിഡ്; 48 മണിക്കൂറിനിടെ ഇരട്ടിയിലേറെ രോഗികള്‍

മുംബൈ: കോവിഡിന്റെ മൂന്നാം തരംഗമെന്ന സംശയം ബലപ്പെടുത്തി മഹാരാഷ്ട്രയില്‍ രോഗവ്യാപനം അതിരൂക്ഷമായി. സംസ്ഥാനത്തെ 10 മന്ത്രിമാര്‍ക്കും 20 എംഎല്‍എമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മഹാരാഷ്ട്രയില്‍ ഇരട്ടിയിലേറെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച 3900 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച സ്ഥാനത്ത് വെള്ളിയാഴ്ച ഇത് 8067 ആയി കുതിച്ചുയര്‍ന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.

മുംബൈ നഗരത്തിലും സ്ഥിതി രൂക്ഷമാണ്. ബുധനാഴ്ച 2445 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ വെള്ളിയാഴ്ച ഇത് 5428 ആയി വര്‍ധിച്ചു. ഒമിക്രോണ്‍ വ്യാപനവും മഹാരാഷ്ട്രയില്‍ രൂക്ഷമായി. 454 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

കോവിഡ് കേസുകള്‍ വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കേണ്ടി വരുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. ആശുപത്രികളില്‍ രോഗികളുടെ എണ്ണം കൂടിയാല്‍ ഇതല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റു മാര്‍ഗമില്ല. അതിനാല്‍ രോഗവ്യാപനം തടയാന്‍ ജനങ്ങള്‍ കോവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അജിത് പവാര്‍ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ നിലവില്‍ 24,509 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാന റവന്യൂമന്ത്രി ബാലാസാഹേബ് തൊറാട്ടിന് വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിമാരായ വര്‍ഷ ഗെയ്ക് വാദ്, കെ.സി പഡ്വി എന്നിവരെല്ലാം രോഗം ബാധിച്ച് ചികിത്സയിലാണ്. രോഗവ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.