ന്യുഡല്‍ഹി: രാജ്യത്ത് ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ അക്രമം നേരിട്ട വര്‍ഷം കൂടിയാണ് കടന്നു പോയത്. 2021ല്‍ മാത്രം ക്രിസ്ത്യന്‍ സമൂഹത്തിന് നേരെ നടന്നത് 486 അതിക്രമങ്ങളാണ്. അക്രമികളില്‍ ഭൂരിഭാഗവും സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. ഉത്തരേന്ത്യയില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് അതാത് സംസ്ഥാന സര്‍ക്കാരുകളുടെ നിഴലിലാണ്.
ഇത്തരത്തിലുള്ള അക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത് നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ്. ഈ രണ്ട് മാസത്തിനിടെ മാത്രം 104 അക്രമ സംഭവങ്ങളാണ് ഉണ്ടായത്. 2014ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ കുത്തനെ വര്‍ധിച്ചു വരികയാണെന്ന് യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഹെല്‍പ്പ് ലൈനില്‍ രേഖപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ 2014 മുതല്‍ 2021 വര്‍ഷങ്ങളില്‍ യഥാക്രമം 486 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ 274 അക്രമ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് ജീവിക്കാന്‍ അപകടകരമായ അന്തരീക്ഷമായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണിത്.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശിലാണ് ക്രിസ്ത്യാനികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നത്. സംസ്ഥാനത്ത് 102 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചത്തീസ്ഗഡ് 90 , ജാര്‍ഖണ്ഡ് 44, മധ്യപ്രദേശ് 38, ബിഹാര്‍ 29 എന്നിങ്ങനെ പോകുന്നു ഉത്തരേന്ത്യയില അക്രമസംഭവങ്ങളുടെ നീണ്ട നിര.
മതപരിവര്‍ത്തന നിയമം നടപ്പിലാക്കിയ കര്‍ണാടകയില്‍ 59 അതിക്രമങ്ങളാണ് ഉണ്ടായത്. വൈദികരും കന്യാസ്ത്രീകളും കൂടാതെ പള്ളികളും ആക്രമിക്കപ്പെട്ടു. യേശുക്രിസ്തുവിന്റെ രൂപവും ആക്രമിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ ധനസഹായവും ഇക്കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. ആര്‍.എസ്.എസ്, ബിജെപി, ബജ്രംഗ്ദള്‍ എന്നീ ഹിന്ദുത്വ ശക്തികളാണ് കൂടുതല്‍ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.