ന്യൂഡല്‍ഹി: ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ വന്‍ തോതില്‍ നടക്കുന്ന കാലമാണിത്. ഇപ്പോള്‍ ഒരു മിനിറ്റിനുള്ളില്‍ തന്നെ പണം മറ്റൊരാള്‍ക്ക് കൈമാറാം. പഴയത് പോലെ ബാങ്കില്‍ നേരിട്ട് പോയി സമയം പാഴാക്കേണ്ടതില്ല. എന്‍ഇഎഫ്ടി, ആര്‍ടിജിഎസ്, യുപിഐ തുടങ്ങി നിരവധി മാര്‍ഗങ്ങളിലൂടെ ഇന്ന് ഉപയോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ പണം കൈമാറ്റം ചെയ്യാം.
എന്നാല്‍ ഓണ്‍ലൈന്‍ വഴി ഇടപാട് വളരെ എളുപ്പത്തിലായപ്പോഴും അബദ്ധത്തില്‍ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം ചെറുതല്ല. അക്കൗണ്ട് നമ്പര്‍ തെറ്റിയടിച്ചോ, ഫോണ്‍ നമ്പര്‍ തെറ്റിയടിച്ചോ ഒക്കെ പണം നഷ്ടപ്പെടാം. പണം ലഭിക്കേണ്ട വ്യക്തിയുടെ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുകയെന്നത് അയക്കുന്നയാളിന്റെ മാത്രം ഉത്തരവാദിത്തമാണ്.
തെറ്റായ വിവരങ്ങള്‍ അടിച്ചുകൊടുത്താല്‍ ചിലപ്പോള്‍ പണം കൈമാറ്റം ചെയ്യപ്പെടാതിരിക്കുകയും അതിലൂടെ അയക്കുന്നയാള്‍ക്ക് തന്റെ തെറ്റ് മനസിലാക്കാനുമാവും. എന്നാല്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ മറ്റൊരാളുടെ സാധുവായ അക്കൗണ്ടിന്റേതാണെങ്കില്‍ പണം സെക്കന്റുകള്‍ കൊണ്ടുതന്നെ നഷ്ടമാവും.
2010 ഒക്ടോബറിലെ റിസര്‍വ് ബാങ്ക് ഉത്തരവ് പ്രകാരം ഇത്തരത്തില്‍ തെറ്റ് സംഭവിക്കുന്ന ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ബാങ്കില്‍ വിളിച്ച് പണം തിരികെ കിട്ടാനായി അഭ്യര്‍ത്ഥിക്കാവുന്നതാണ്. എന്നാല്‍ പണം കിട്ടിയ ആളുടെ സമ്മതമില്ലാതെ ബാങ്കിന് ഈ പണം തിരികെ ലഭ്യമാക്കാനാവില്ലെന്നത് പ്രധാനമാണ്. അതിനാല്‍ തെറ്റായ ഇടപാട് നടന്നാല്‍ ഉടന്‍ തന്നെ ഇക്കാര്യം ബാങ്കിനെ
അറിയിക്കുക. അതിനായി കസ്റ്റമര്‍ കെയറിലേക്ക് വിളിക്കാം.
ബാങ്കില്‍ നേരിട്ടെത്തി പരാതി നല്‍കാന്‍ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. അങ്ങിനെയെങ്കില്‍ തൊട്ടടുത്ത ബ്രാഞ്ചില്‍ ചെന്ന് പരാതി എഴുതി നല്‍കുക. ഒപ്പം തെറ്റായ ഇടപാടിന്റെ സ്‌ക്രീന്‍ഷോട്ട് കൂടി വെയ്ക്കുക. ഒരേ ബാങ്കിലെ അക്കൗണ്ടുകള്‍ തമ്മില്‍ നടന്ന ഇടപാടാണെങ്കില്‍ എളുപ്പത്തില്‍ പണം കിട്ടിയ ആളെ കണ്ടെത്തി പണം തിരികെ ചോദിക്കാം. എന്നാല്‍ മറ്റൊരു ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം അയച്ചതെങ്കില്‍ ആ ബാങ്കുമായി കൂടി ബന്ധപ്പെടണം.
പ്രസ്തുത ബാങ്കിന്റെ തൊട്ടടുത്ത ബ്രാഞ്ചിലെത്തി രേഖാമൂലം പരാതി നല്‍കണം. ഈ ബാങ്കില്‍ നിന്ന് പണം ക്രഡിറ്റായ അക്കൗണ്ട് ഉടമയെ വിളിച്ച് അത് തിരികെ അയക്കാന്‍ ആവശ്യപ്പെടും. ഉപയോക്താവിന്റെ സമ്മതമില്ലാതെ ബാങ്കിന് ഈ പണം സ്വന്തം നിലയ്ക്ക് തിരികെ അയക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ തുക ലഭിച്ച വ്യക്തി വിസമ്മതിച്ചാല്‍ പണം നഷ്ടപ്പെടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.