ഔദ്യോഗിക സിം കാര്‍ഡ് ഉപയോഗിക്കാത്ത പൊലീസുകാരില്‍ നിന്ന് വാടക ഈടാക്കുമെന്ന് ഡിജിപി

ഔദ്യോഗിക സിം കാര്‍ഡ് ഉപയോഗിക്കാത്ത പൊലീസുകാരില്‍ നിന്ന് വാടക ഈടാക്കുമെന്ന്  ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ അവർക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക സിം കാർഡുകൾ ഉപയോഗിച്ചില്ലെങ്കിൽ വാടക ഈടാക്കുമെന്ന് മുന്നറിയിപ്പുനൽകി ഡി.ജി.പി. സർക്കാർ പണം നൽകുന്ന ഔദ്യോഗിക സിം കാർഡ് ഉപയോഗിക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.

പോലീസിന് നൽകിയിട്ടുള്ള ക്ലോസ്ഡ് യൂസർ ഗ്രൂപ്പ് (സി.യു.ജി.) സിം കാർഡുകൾ എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദേശങ്ങൾ പുറത്തിറക്കി. ഇത്തരം നിർദേശങ്ങൾ നേരത്തേതന്നെ ഉണ്ടായിരുന്നിട്ടും അവ പാലിക്കപ്പെടാതിരിക്കുന്നതിനാലാണ് മുന്നറിയിപ്പ്.

നിലവിൽ സിം കാർഡ് ഉള്ളവർ മറ്റൊരു ജില്ലയിലേക്ക് മാറിപ്പോയാലും മടക്കിനൽകാത്ത അവസ്ഥയുമുണ്ട്. സിം വാങ്ങി ഉപേക്ഷിച്ചവരുമുണ്ട്. സ്ഥലം മാറിപ്പോവുകയോ ഡെപ്യൂട്ടേഷനിൽ പോവുകയോ ചെയ്യുന്ന എസ്.എച്ച.ഒ, പ്രിൻസിപ്പൽ എസ്.ഐ, തുടങ്ങിയ ഉദ്യോഗസ്ഥർ പകരം വരുന്ന ഉദ്യോഗസ്ഥന് സിം കാർഡ് കൈമാറണം. മറ്റ് ഉദ്യോഗസ്ഥർക്ക് അതത് ജില്ലകളിൽത്തന്നെയാണ് സ്ഥലം മാറ്റമെങ്കിൽ നിലവിലുള്ളത് ഉപയോഗിക്കാം.

പോലീസ് സ്റ്റേഷനുകളിലെല്ലാം സിം കാർഡ് വിതരണം ചെയ്തതിന്റെ രജിസ്റ്റർ സൂക്ഷിക്കണം. വിരമിക്കുന്നവർക്ക് പെൻഷൻ ആനുകൂല്യം നൽകുന്നതിന് മുമ്പ് സിം തിരികെ ഏൽപ്പിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കണം.
മിനിസ്റ്റീരിയൽ ജീവനക്കാർക്ക് ഒരോ തസ്തികയ്ക്കുമാണ് സി.യു.ജി സിം കാർഡ് അനുവദിച്ചിരിക്കുന്നത്. അതിനാൽ സ്ഥലം മാറുമ്പോൾ ആ തസ്തികയിൽ പകരം വരുന്നയാൾക്ക് സിം കാർഡ് കൈമാറണം. ഇക്കാര്യങ്ങൾ ഉറപ്പുവരുത്താൻ യൂണിറ്റ് മേധാവികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.