പഴയ വാഹനങ്ങള്‍ ഇനി എന്തു ചെയ്യുമെന്നോര്‍ത്ത് വിഷമിക്കേണ്ട; ത്രിതല സംവിധാനമൊരുക്കി ഡല്‍ഹി സര്‍ക്കാര്‍

പഴയ വാഹനങ്ങള്‍ ഇനി എന്തു ചെയ്യുമെന്നോര്‍ത്ത് വിഷമിക്കേണ്ട; ത്രിതല സംവിധാനമൊരുക്കി ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹി: പഴയവാഹനങ്ങള്‍ പിന്‍വലിക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശത്തെ ഫലപ്രദമായി നടപ്പാക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. അതിനായി ഡല്‍ഹി സ്വീകരിച്ചിട്ടുള്ള നടപടികളാണ് ശ്രദ്ധ നേടുന്നത്. പത്തു വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും പതിനഞ്ച് വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും നീക്കുവാനായിട്ടുള്ളതാണ് കര്‍മ്മ പദ്ധതി.

വാഹനങ്ങള്‍ക്ക് നിയന്ത്രണം വരുത്തുമ്പോള്‍ ഉപയോക്താവിന് നല്‍കുന്ന ബദല്‍ എന്ത് എന്നതാണ് അധികൃതര്‍ വിശദീകരിക്കുന്നത്. കോടതിയുടെ മാര്‍ഗ നിര്‍ദ്ദേശം പാലിച്ചു കൊണ്ടും കേന്ദ്ര സര്‍ക്കാറിന്റെ വാഹന നിയന്ത്രണ ചട്ടം അനുസരിച്ചുമാണ് ഡല്‍ഹി ഭരണകൂടം നീങ്ങുന്നത്. മൂന്ന് വിധത്തിലാണ് വാഹനങ്ങള്‍ പിന്‍വലിക്കാന്‍ അവസരമുള്ളത്. ഒന്നാമത്തേത് വാഹനം വൈദ്യൂതീകരിക്കുക എന്നതും രണ്ടാമത്തേത് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൈമാറുക എന്നതും മൂന്നാമത്തേത് പഴയവാഹനം ആക്രിയാക്കുക എന്നതുമാണ്.

ജനങ്ങള്‍ക്ക് ഇത്തരം അവസരം നല്‍കാനായി വിവിധ ഏജന്‍സികളെയാണ് സമീപിക്കേണ്ടത്. ഇതില്‍ വൈദ്യുത സംവിധാനത്തിലേക്ക് വാഹനങ്ങള്‍ മാറ്റുന്നതിന് ആറ് വാഹന നിര്‍മ്മാതാ ക്കളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കൂടുതല്‍ പേരെക്കൂടി ഈ മേഖലയിലേക്ക് എത്തിക്കാന്‍ സംവിധാനം ഒരുക്കുമെന്നാണ് ഗതാഗതവകുപ്പ് അറിയിച്ചിട്ടുള്ളത്.

106 കിലോമീറ്റര്‍ വരെ ഒറ്റ തവണ ചാര്‍ജ്ജ് ചെയ്താല്‍ ഓടിക്കാവുന്ന കാറുകളടക്കമുള്ള ചെറുവാഹനങ്ങള്‍ക്കുള്ള കിറ്റുകള്‍ ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. 17.3 കിലോ വാട്ട് ശേഷിയുള്ള ബാറ്ററികളാണ് ഇതിനായി ഉപയോഗിക്കുക. വിവിധ കമ്പനികള്‍ കൂടുതല്‍ വൈദ്യുതി ശേഖരിക്കാവുന്ന ബാറ്ററികളുമായി രംഗത്തുണ്ട്. പെട്രോള്‍ ഇരുചക്രവാഹനങ്ങള്‍ക്കായി 2.016 കിലോവാട്ട് ശേഷിയും 65 കിലോമീറ്റര്‍ ഒറ്റതവണ ഓടാന്‍ ശേഷിയുള്ള ബാറ്ററികളും അടങ്ങുന്ന കിറ്റും പുറത്തിറങ്ങി തുടങ്ങി.

ഗുണനിലവാരമുള്ള വാഹനങ്ങള്‍ ഡല്‍ഹി ഗതാഗതവകുപ്പിന്റെ എന്‍.ഒ.സിയോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനോ വില്‍ക്കാനോ തടസമില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മൂന്നാമത്തേതും അവസാനത്തേതുമായ മാര്‍ഗം ആക്രിയാക്കി പൊളിക്കാന്‍ നല്‍കുക എന്നതാണ്. ആക്രി സംവിധാനങ്ങള്‍ക്കായി വാഹനം സമര്‍പ്പിക്കുന്നവര്‍ക്ക് പുതിയ വാഹനം വാങ്ങാനുള്ള വായ്പ അടക്കമുള്ള സംവിധാനവും ഡല്‍ഹി സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.