തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 181 ആയി.
തിരുവനന്തപുരത്ത് 10 പേര്‍ക്കാണ് ഇന്ന് രോഗബാധ കണ്ടെത്തിയത്. ആലപ്പുഴയില്‍ ഏഴു പേര്‍ക്കും തൃശൂരും മലപ്പുറത്തും ആറു പേര്‍ക്കു വീതവും വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഒമിക്രോണ്‍ ബാധിച്ച് ചികിത്സയില്‍ ആയിരുന്ന 42 പേര്‍ ആശുപത്രി വിട്ടതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇതിനിടെ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തി രാജ്യത്തെങ്ങും ഒമിക്രോണ്‍ കേസുകള്‍ കുത്തനെ വര്‍ധിക്കുകയാണ്. രാജ്യത്തൊട്ടാകെ ഇതുവരെ 1700 ലധികം ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടു ദിവസവും റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 84 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. പുതിയ തരംഗം ഒമിക്രോണ്‍ വകഭേദം മൂലമാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഡല്‍ഹി നഗരത്തില്‍ മാത്രം പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനമായി ഉയര്‍ന്നു. ഈ ആഴ്ചയില്‍ കോവിഡ് തരംഗം സംസ്ഥാനത്ത് മൂര്‍ധന്യാവസ്ഥയില്‍ എത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരിയിലെ ആദ്യ രണ്ടു ദിവസങ്ങളില്‍ ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലേതിനേക്കാള്‍ കൂടുതല്‍ കേസുകളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ 4669 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ജനുവരി ഒന്ന്, രണ്ട് ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ 5910 ആയി ഉയര്‍ന്നു.
കര്‍ണാടകയില്‍ വൈറസ് ബാധ 241 ശതമാനമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് 10,292 രോഗബാധിതരാണ് ചികിത്സയിലുള്ളത്. ബംഗലൂരു നഗരത്തില്‍ മാത്രം 8671 പേര്‍ രോഗ ബാധിതരാണ്. ബംഗലൂരു നഗരത്തിലാണ് രോഗബാധ ഏറ്റവും കൂടുതല്‍. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 1.08 ശതമാനവും മരണ നിരക്ക് 0.5 ശതമാനവുമായതായി കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.
മഹാരാഷ്ട്രയില്‍ രണ്ടാഴ്ചയായി കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുകയാണ്. 42,024 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മുംബൈയില്‍ മാത്രം 2919 കേസുകളാണുള്ളത്. ഇവിടെ 503 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഇതില്‍ 56 പേര്‍ക്ക് ഓക്സിജന്‍ സഹായം വേണ്ട അവസ്ഥയാണ്. മുംബൈയില്‍ മാത്രം കോവിഡ് കേസുകളില്‍ 26 ശതമാനത്തിന്റെ വര്‍ധനവാണ് ഉള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.
അതിനിടെ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് ഗോവയില്‍ സ്‌കൂളുകളും കോളജുകളും അടച്ചു. ജനുവരി 26 വരെയാണ് അടച്ചത്. രാത്രികാല കര്‍ഫ്യൂവും സംസ്ഥാനത്ത് ഏര്‍പ്പെടുത്തി. രാത്രി 11 മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ. സ്‌കൂളുകളും കോളജുകളും അടച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.