ട്രെയിനില്‍ യാത്രക്കാരനെ ചവിട്ടിക്കൂട്ടിയ എഎസ്ഐക്ക് സസ്പെന്‍ഷന്‍

ട്രെയിനില്‍ യാത്രക്കാരനെ ചവിട്ടിക്കൂട്ടിയ എഎസ്ഐക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്തയാള മര്‍ദ്ദിച്ച സംഭവത്തില്‍ എ.എസ്.ഐ എം.സി പ്രമോദിനെ സസ്‌പെന്‍ഡ് ചെയ്തു. ഇന്റലിജന്‍സ് എഡിജിപിയാണ് പ്രമോദിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്. യാത്രക്കാരനോട് എ.എസ്.ഐ എംസി പ്രമോദ് അതിക്രൂരമായി പെരുമാറിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതോടെ ഇയാളെ റെയില്‍വെ ചുമതലയില്‍ നിന്നും മാറ്റാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

ട്രെയിനില്‍ യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. യാത്രക്കാരനെ മര്‍ദിച്ചത് പൊലിസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് പൊലിസ് വിലയിരുത്തല്‍. ഇതിനെ തുടര്‍ന്നാണ് നടപടി. ഇന്റലിജന്‍സ് എഡിജിപിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്‌സ്പ്രസ് ഇന്നലെ രാത്രി തലശേരി പിന്നിട്ടപ്പോഴായിരുന്നു സംഭവം. യാത്രക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പൊലിസ് പറയുന്നത്.

പാലക്കാട് റെയില്‍വെ ഡിവൈഎസ്പിയും കണ്ണൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് എസിപിയും നടത്തിയ അന്വേഷണങ്ങളില്‍ ഉദ്യോഗസ്ഥന്‍ മനുഷ്യത്വരഹിതമായി പെരുമാറിയെന്നാണ് കണ്ടെത്തല്‍. സ്ത്രീകളുടെ അടുത്ത് മദ്യലഹരിയില്‍ ടിക്കറ്റില്ലാതെ ഇരുന്ന് യാത്രചെയ്യുന്ന ഇയാളെ പൊലീസ് ചോദ്യം ചെയ്തതില്‍ തെറ്റില്ല. പക്ഷെ കോച്ചിലൂടെ വലിച്ചിഴച്ചതും മുഖത്തടിച്ചതും ബൂട്ട് കൊണ്ട് നെഞ്ചില്‍ ചവിട്ടിയതും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.