രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സ്ഥിരീകരിച്ചു; മെട്രോ നഗരങ്ങളിലെ 75 ശതമാനം കേസുകളും ഒമിക്രോണ്‍

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സ്ഥിരീകരിച്ചു; മെട്രോ നഗരങ്ങളിലെ 75 ശതമാനം കേസുകളും ഒമിക്രോണ്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സ്ഥിരീകരിച്ച് കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ഡോ.എന്‍.എന്‍ അറോറ. മെട്രോ നഗരങ്ങളിലെ 75 ശതമാനം കേസുകളും ഒമിക്രോണാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്.

'ഇന്ത്യയില്‍ മൂന്നാം തരംഗം എത്തിക്കഴിഞ്ഞു. ഓരോ തരംഗവും സൃഷ്ടിക്കുന്നത് പുതിയ വകഭേദങ്ങളാണ്. ഇത്തവണ അത് ഒമിക്രോണ്‍ ആണ്. കഴിഞ്ഞ നാലഞ്ച് ദിവസത്തെ കണക്കുകള്‍ എടുത്താല്‍ രാജ്യത്ത് കേസുകള്‍ കുതിച്ചുയരുകയാണ്' - ഡോ. അറോറ ചൂണ്ടിക്കാട്ടി.

നേരത്തെ ദേശീയ തലത്തില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 12 ശതമാനമായിരുന്നു ഒമിക്രോണ്‍ വകഭേദമെങ്കില്‍ കഴിഞ്ഞ ആഴ്ച ആയപ്പോഴേക്കും അത് 28 ശതമാനമായി ഉയര്‍ന്നു. തുടര്‍ന്നും ഒമിക്രോണ്‍ രോഗബാധയുടെ നിരക്ക് ദേശീയ തലത്തില്‍ വര്‍ധിക്കുകയാണ്.

മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 510 കേസുകളാണ് ഒരു സംസ്ഥാനത്തെ ഉയര്‍ന്ന സംഖ്യ. തിങ്കളാഴ്ച ഒമിക്രോണ്‍ കേസുകളില്‍ 22 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധിച്ച കോവിഡ് സാമ്പിളുകളില്‍ 81 ശതമാനവും ഒമിക്രോണ്‍ വകഭേദം മൂലമുള്ള രോഗബാധയാണെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടയില്‍ പതിനായിരത്തോളം പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36,000 ആയി ഉയര്‍ന്നു. 115 ദിവസത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ പകുതി ജീവനക്കാര്‍ മാത്രമായി ആയിരിക്കും പ്രവര്‍ത്തിക്കുക.

അതേസമയം ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാനേസല്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസിനായി പരിഗണിക്കണമെന്ന അപേക്ഷ ഇന്ന് ഡിസിജിഐ വിദഗ്ധ സമിതി പരിശോധിക്കും. കോവാക്സിനോ കോവിഷീല്‍ഡോ സ്വീകരിച്ചവര്‍ക്ക് മൂന്നാം ഡോസായി ഈ വാക്‌സിന്‍ നല്‍കണമെന്നാണ് കമ്പനിയുടെ അപേക്ഷ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.