തെരുവിന്റെ മക്കള്‍ക്ക് സ്വാന്തനം: ബെറ്റര്‍ ഇന്ത്യയുടെ മികച്ച ഉദ്യോഗസ്ഥരുടെ പട്ടികയില്‍ സാംബശിവ റാവുവും

 തെരുവിന്റെ മക്കള്‍ക്ക് സ്വാന്തനം: ബെറ്റര്‍ ഇന്ത്യയുടെ മികച്ച ഉദ്യോഗസ്ഥരുടെ പട്ടികയില്‍ സാംബശിവ റാവുവും

തിരുവനന്തപുരം: കോവിഡ് കാലത്ത് തെരുവിന്റെ മക്കള്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കിയ മുന്‍ കോഴിക്കോട് കളക്ടര്‍ എസ്. സാംബശിവ റാവുവിന് അഭിമാന നേട്ടം. ബെറ്റര്‍ ഇന്ത്യ തയ്യാറാക്കിയ എക്‌സലന്‍സ് ഇന്‍ പബ്‌ളിക് സര്‍വീസ് പട്ടികയില്‍ സാംബശിവ റാവുവും ഇടം പിടിച്ചു. നിലവില്‍ സര്‍വേ ഡയറക്ടറാണ് അദ്ദേഹം. ലോക്ഡൗണ്‍ കാലത്ത് ഭക്ഷണത്തിന് വകയില്ലാതെ കോഴിക്കോട്ടെ തെരുവുകളില്‍ കഴിഞ്ഞ മനുഷ്യരെ പുനരധിവസിപ്പിച്ച ഉദയം പദ്ധതിയാണ് റാവുവിനെ നേട്ടത്തിനര്‍ഹനാക്കിയത്.

റാവുവിന്റെ നേതൃത്വത്തിലുള്ള പദ്ധതി ഇതുവരെ രണ്ടായിരത്തോളം മനുഷ്യര്‍ക്ക് പുതുജീവിതമേകി. ആദ്യ ഘട്ടത്തില്‍ ഭക്ഷണ വിതരണം മാത്രമായിരുന്നു. പിന്നീടാണ് തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോട് എന്ന ലക്ഷ്യവുമായി 'ഉദയം' പ്രവര്‍ത്തനം തുടങ്ങുന്നത്. ഇവരെ പുനരധിവസിപ്പിക്കാനായി ജില്ലാഭരണകൂടം, സാമൂഹ്യ നീതി വകുപ്പ്, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ഉദയം ഹോമുകള്‍ ഒരുക്കി. വെള്ളയില്‍ വരയ്ക്കല്‍, ചേവായൂര്‍, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിലാണ് ഉദയം ഹോം തുടങ്ങിയത്.

ഹോമിലെത്തിയ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം വോട്ടേഴ്‌സ് ഐ.ഡി, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകളും നല്‍കി. നിരക്ഷരരെ എഴുത്തും വായനയും പഠിപ്പിച്ചു. നൂറോളം പേരുടെ കുടുംബങ്ങളെ കണ്ടെത്തി തിരികെയെത്തിച്ചു. ഇംഹാന്‍സിന്റെയും ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ സൈക്കോ സോഷ്യല്‍ കെയര്‍ ടീമും ഇവരെ സഹായിച്ചു.

തൊഴില്‍ പരിശീലനവുമുണ്ട്. കോവിഡ് കാലത്ത് ജനങ്ങളുടെ ജീവിതത്തിന് താങ്ങും കരുതലുമായി നിന്ന ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ നേട്ടം വിലയിരുത്തിയാണ് രാജ്യത്തെ മികച്ച ഒരു ഡസന്‍ ഉദ്യോഗസ്ഥരുടെ പട്ടിക ബെറ്റര്‍ ഇന്ത്യ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.