തിരുവനന്തപുരം: കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദം ഭീഷണിയാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക സാമുദായിക പൊതു പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കാനാവുന്നവരുടെ എണ്ണം അടച്ചിട്ട മുറികളില്‍ 75 ആക്കി ചുരുക്കി. തുറസായ സ്ഥലങ്ങളില്‍ പരമാവധി 150 പേര്‍ക്കു വരെ പങ്കെടുക്കാം. നിലവില്‍ അടച്ചിട്ട ഹാളുകളിലെ പരിപാടികളില്‍ 150 പേര്‍ക്കും തുറസായ സ്ഥലങ്ങളില്‍ നിലവില്‍ 200 പേര്‍ക്കും പങ്കെടുക്കാമായിരുന്നു.
എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണം. കയ്യില്‍ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
സംസ്ഥാനത്ത് 80 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 15.43 ലക്ഷം കുട്ടികളാണ് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹരായിട്ടുള്ളവര്‍. ഇതില്‍ രണ്ട് ശതമാനം കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. നിലവില്‍ വാക്‌സിന്‍ സ്റ്റോക്ക് പര്യാപ്തമാണ്.
കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണ്. ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കും.
അതേസമയം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ വേണ്ടെന്നാണ് കോവിഡ് അവലോകന യോഗത്തിലുണ്ടായ തീരുമാനം. രാത്രികാല നിയന്ത്രണമുള്‍പ്പെടെ തിരിച്ചുകൊണ്ടുവരണമെന്ന നിര്‍ദേശമുണ്ടായിരുന്നെങ്കിലും യോഗം അക്കാര്യം പരിഗണിച്ചില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.