തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനവും മൂന്നാം തരംഗ ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ വരാനിരിക്കുന്ന ഒരാഴ്ച്ച കേരളത്തിന് നിര്‍ണായകമെന്ന് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. ഒമിക്രോണ്‍ വ്യാപനത്തെ മൂന്നാം തരംഗമായിത്തന്നെ കണക്കാക്കി മുന്നൊരുക്കങ്ങള്‍ നടത്തണമെന്നാണ് വിദഗ്ദാഭിപ്രായം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഒമിക്രോണ്‍ സാഹചര്യം വിലയിരുത്തും.
25 ദിവസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവുമുയര്‍ന്ന കോവിഡ് കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 3600 ലധികം പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇത് തുടരുമെന്നാണ് മുന്നറിയിപ്പ്. നിയന്ത്രണ വിധേയമായാണെങ്കിലും പുതുവത്സരാഘോഷവും അവധി ദിനങ്ങളും കഴിഞ്ഞതോടെ രോഗവ്യാപനം ഒരാഴ്ച്ചക്കുള്ളില്‍ മറ്റു സംസ്ഥാനങ്ങളിലേതിന് സമാനമായി ഉയരുമെന്നാണ് വിലയിരുത്തുന്നത്.
ഇതിനിടെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്നാട് നിയന്ത്രണമേര്‍പ്പെടുത്തി. ഇന്നുമുതല്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മാത്രമാണ് പ്രവേശനം.
ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളില്‍ 75, തുറസായ സ്ഥലങ്ങളില്‍ 150 എന്നിങ്ങനെ പരിമിതപ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.