ഗാല്‍വന്‍ താഴ്വരയില്‍ ദേശീയ പതാക ഉയര്‍ത്തി ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

ഗാല്‍വന്‍ താഴ്വരയില്‍ ദേശീയ പതാക ഉയര്‍ത്തി ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ചൈനീസ് പതാക ഉയര്‍ത്തിയ ചിത്രം ചൈന പുറത്തുവിട്ടതിന് പിന്നാലെ ത്ക മറുപടിയുമായി ഇന്ത്യന്‍ കരസേന രംഗത്ത്. പുതുവര്‍ഷ ദിനത്തില്‍ ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യം ദേശീയ പതാക ഉയര്‍ത്തി. കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ഇതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നു.

'ഒരിഞ്ചു ഭൂമിപോലും വിട്ടുകൊടുക്കില്ല' എന്ന പ്രഖ്യാപനത്തോടെയാണ് ഗാല്‍വനിലെ പതാക ഉയര്‍ത്തലിന്റെ വാര്‍ത്ത ദൃശ്യങ്ങളടക്കം ചൈനീസ് ഔദ്യോഗിക മാധ്യമം 'ഗ്ലോബല്‍ ടൈംസ്' ട്വീറ്റ് ചെയ്തത്. ബെയ്ജിങ്ങിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ ഉയര്‍ത്തിയിരുന്ന പതാകയാണ് ഗാല്‍വനില്‍ ഉയര്‍ത്തിയതെന്നും ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങളില്‍ മഞ്ഞു മൂടിക്കിടക്കുന്ന മലനിരകളുടെ പശ്ചാത്തലമുണ്ടായിരുന്നില്ല. അതിനാല്‍ അത് ഗാല്‍വനില്‍വെച്ചാണോ എന്ന സംശയമുയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇന്ത്യ പതാക ഉയര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ഇന്ത്യയും ചൈനയും തമ്മില്‍ 2020 മേയ് മുതല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ഗാല്‍വന്‍. അരുണാചല്‍ പ്രദേശിലെ 15 സ്ഥലങ്ങളുടെ പേരുമാറ്റുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചൈനയുടെ ഭാഗത്തുനിന്ന് പുതിയ പ്രകോപനമുണ്ടായത്. ഗാല്‍വനില്‍നിന്ന് രണ്ടു കിലോമീറ്റര്‍ ഉള്ളിലേക്ക് സൈന്യത്തെ പിന്‍വലിക്കാമെന്ന് ഇന്ത്യയും ചൈനയും കഴിഞ്ഞകൊല്ലം ജൂലൈയില്‍ സമ്മതിച്ചിരുന്നു.

കൂടാതെ ഗാല്‍വനിലെ പാംഗോങ് തടാകത്തിനു കുറുകെ ചൈന പാലം പണിയുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തു വന്നു. ചൈനീസ് ഭൂഭാഗത്തു വരുന്ന ഇടുങ്ങിയ ഭാഗത്താണ് പാലം പണിയുന്നത്. പാംഗോങ് തടാകമേഖലയില്‍ 2020 ജൂണില്‍ ചൈനീസ് സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ പട്ടാളക്കാര്‍ വീരചരമം പ്രാപിച്ചിരുന്നു. ചൈനയ്ക്ക് 40 പട്ടാളക്കാരേയും നഷ്ടമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.