അമൃത്സര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നേരെ പ്രതിഷേധം. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 15 മുതല്‍ 20 മിനിറ്റ് വരെ ഒരു ഫ്‌ളൈ ഓവറില്‍ കുടുങ്ങി. ഹുസൈന്‍ വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്.
കനത്ത മഴയെ തുടര്‍ന്ന് ഹെലികോപ്ടര്‍ യാത്ര ഉപേക്ഷിച്ച് കാറിലാണ് പ്രധാനമന്ത്രി ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോയത്. രക്തസാക്ഷി സ്മാരകത്തിന് മുപ്പത് കിലോമീറ്റര്‍ അകലെ വച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിച്ചിരുന്ന റോഡില്‍ പ്രതിഷേധക്കാര്‍ തടസമുണ്ടാക്കുകയായിരുന്നു.
വന്‍ സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. പഞ്ചാബ് സര്‍ക്കാര്‍ മനപൂര്‍വം പ്രധാനമന്ത്രിയുടെ പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ രംഗത്തെത്തി. എന്നാല്‍ ഹെലികോപ്റ്റര്‍ മാര്‍ഗം യാത്ര ചെയ്യേണ്ടിയിരുന്ന പ്രധാനമന്ത്രി അവസാന നിമിഷം റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ തീരുമാനിച്ചതിനാലാണ് ആശയക്കുഴപ്പമുണ്ടായതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി വ്യക്തമാക്കി.
ഇന്ന് രണ്ട് പരിപാടികളാണ് മോഡിക്ക് പഞ്ചാബിലുണ്ടായിരുന്നത്. ഹുസൈന്‍ വാലയിലെ ഷഹീദ് ഭഗത് സിംഗ് അടക്കമുള്ളവരുടെ രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള യാത്രയായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് ഫിറോസ് പൂരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലി. ഭട്ടിന്‍ഡയിലാണ് പ്രധാനമന്ത്രി വിമാനമിറങ്ങിയത്.
എന്നാല്‍ സ്ഥലത്ത് കനത്ത മഴയും മഞ്ഞുമുണ്ടായിരുന്നതിനാല്‍ ഹുസൈന്‍ വാലയിലേക്ക് ഹെലികോപ്റ്ററില്‍ പോകാനായില്ല. ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള സാധ്യത പരിശോധിച്ച് 20 മിനിറ്റോളം പ്രധാനമന്ത്രി ഭട്ടിന്‍ഡയില്‍ കാത്തിരുന്നു. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇത് ഉപേക്ഷിച്ച് റോഡ് മാര്‍ഗം പോകാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രധാനമന്ത്രിക്ക് റോഡ് മാര്‍ഗം പോകാനാകുമോ എന്ന് എസ്പിജി സംസ്ഥാന പൊലീസിനോടും ഡിജിപിയോടും അന്വേഷിച്ചു. പോകാം എന്ന് പഞ്ചാബ് ഡിജിപി അറിയിച്ചു. ഇരുപത് മിനിറ്റ് കൊണ്ട് ഹെലികോപ്റ്ററില്‍ എത്താമായിരുന്ന യാത്ര അങ്ങനെ രണ്ട് മണിക്കൂറായി നീണ്ടു.
സാധാരണ പ്രധാനമന്ത്രിയുടെ യാത്രയ്ക്കുള്ള സുരക്ഷ ഒരുക്കുമ്പോള്‍ ഹെലികോപ്റ്ററിലുള്ള യാത്ര എന്തെങ്കിലും സാഹചര്യത്തില്‍ മാറ്റേണ്ടി വരികയാണെങ്കില്‍ റോഡിലൂടെ സുഗമമായി യാത്ര ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നതാണ് സുരക്ഷാ പ്രോട്ടോക്കോള്‍.
അതനുസരിച്ച് പ്രധാനമന്ത്രി റോഡ് മാര്‍ഗം സഞ്ചരിക്കുമ്പോഴാണ് പ്രതിഷേധക്കാര്‍ വാഹനവ്യൂഹം തടഞ്ഞത്. പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ പ്രചാരണപരിപാടികള്‍ നടക്കുമെന്ന് പ്രഖ്യാപനം വന്നപ്പോള്‍ത്തന്നെ ഇതിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഫിറോസ് പൂരിലെ പ്രധാനമന്ത്രിയുടെ റാലിയിലേക്ക് വന്നിരുന്ന ബിജെപി പ്രവര്‍ത്തകരുടെ ബസുകള്‍ പലയിടത്തായി തടഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ യാത്രാ പദ്ധതി അടക്കം എല്ലാ വിവരങ്ങളും നേരത്തേ തന്നെ പഞ്ചാബ് സര്‍ക്കാരിനെ അറിയിച്ചിരുന്നതാണെന്നും അടിയന്തര സാഹചര്യത്തില്‍ എല്ലാ തരത്തിലും പ്രധാനമന്ത്രിയുടെ യാത്ര സുഗമമാക്കാനുള്ള നടപടികളെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. ഇതില്‍ പഞ്ചാബ് സര്‍ക്കാര്‍ വരുത്തിയത് ഗുരുതരവീഴ്ചയാണ്.
സംഭവം ഗൗരവമായി കണക്കിലെടുക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം പ്രധാനമന്ത്രി പഞ്ചാബില്‍ പങ്കെടുക്കേണ്ട റാലികളെല്ലാം റദ്ദാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.