പാല: സങ്കടക്കടലിനു മീതേ സമാശ്വാസത്തിന്റെ വെണ്‍ചന്ദ്രിക പിറന്നു... അഫീലിന് കുഞ്ഞനുജത്തി ജനിച്ചു... ഒര്‍മ്മയില്ലേ അഫീലിനെ?.. രണ്ട് വര്‍ഷം മുന്‍പ് കായിക കേരളത്തെ കണ്ണീരിലാഴ്ത്തി പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ തലയില്‍ ഹാമര്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സനെന്ന സ്‌കൂള്‍ വിദ്യാര്‍ഥിയെ മലയാളികള്‍ മറക്കാനിടയില്ല.
തീരാവേദനയുടെ രണ്ട് വര്‍ഷങ്ങളാണ് അഫീലിന്റെ മാതാപിതാക്കളായ ഡാര്‍ളിക്കും ജോണ്‍സനും കടന്നുപോയത്. ഇക്കുറി പുല്‍ക്കൂട്ടില്‍ തെളിഞ്ഞ നക്ഷത്ര വെളിച്ചത്തിനൊപ്പം കേട്ട കരോള്‍ സംഗീതത്തിന് താരാട്ടിന്റെ ഈണമായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ 9.30 ന് അഫീല്‍ ജോണ്‍സന് ഒരു കുഞ്ഞനുജത്തി പിറന്നു. 18 വര്‍ഷത്തിനു ശേഷം പിറന്ന രണ്ടാമത്തെ കുഞ്ഞിന് എയ്ഞ്ചല്‍ ജോ എന്നാണ് പേരിട്ടിരിക്കുന്നത്.
അഫീലിന്റെ അമ്മ ഡാര്‍ളി മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ തിയേറ്ററിലേക്ക് പോകുമ്പോഴും അഫീലിന്റെ ചിത്രം മാറോടണച്ച് പിടിച്ചിരുന്നു ഡാര്‍ളി.
പാല മൂന്നിലവ് കുറിഞ്ഞംകുളത്തെ ജോണ്‍സണ്‍-ഡാര്‍ളി ദമ്പതികള്‍ക്ക് ആണും പെണ്ണുമായി ഒരേയൊരു സന്തതിയേ ഉണ്ടായിരുന്നുള്ളൂ. അവന്‍ പോയതോടെ കണ്ണീരുണങ്ങാതെ കിടക്കുകയായിരുന്നു ആ വീട്. മധ്യവയസിലേക്ക് പ്രവേശിച്ചിരിക്കെ മകന്റെ മരണത്തിലൂടെ അനാഥരാകേണ്ടി വന്ന തങ്ങളുടെ പ്രാര്‍ഥനകള്‍ക്കൊടുവില്‍ ദൈവം ഒരു മാലഖക്കുഞ്ഞിനെയാണ് സമ്മാനിച്ചിരിക്കുന്നതെന്ന് വിശ്വസിക്കുകയാണ് ഡാര്‍ളിയും ജോണ്‍സനും.
2019 ഒക്ടോബര്‍ നാലിനാണ് കായിക കേരളത്തെ നടുക്കിയ ദുരന്തമുണ്ടായത്. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ വോളന്റിയറായിരുന്ന അഫീലിന്റെ തലയില്‍ ഹാമര്‍ പതിച്ചു. മൂന്ന് കിലോ ഗ്രാം ഭാരമുള്ള ഹാമറാണ് നെറ്റിയുടെ ഇടതു ഭാഗത്ത് പതിച്ചത്. തലയോട്ടി ഉള്ളിലേക്ക് കയറി തലച്ചോറിന് ക്ഷതമേറ്റിരുന്നു. ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോ ഐ.സി.യുവിന് മുന്നില്‍ ഇമ ചിമ്മാതെ പ്രാര്‍ഥനകളോടെ ജോണ്‍സനും ഡാര്‍ളിയും കാത്തിരുന്നു. പക്ഷേ, 17 ദിവസത്തെ കാത്തിരിപ്പ് വിഫലമാക്കി ഒക്ടോബര്‍ 21 ന് വൈകുന്നേരം അഫീല്‍ എന്ന പതിനാറുകാരന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു. ജോണ്‍സണും ഡാര്‍ളിക്കും സങ്കടം മറക്കാന്‍ ഇനി എയ്ഞ്ചല്‍ ജോ എന്ന കുഞ്ഞു മാലാഖയുടെ സാന്നിധ്യമുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.