മലയോര ഹൈവേയുടെ റൂട്ട് മാറ്റം; ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

മലയോര ഹൈവേയുടെ റൂട്ട് മാറ്റം; ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: കേരളത്തിലെ മലയോര ഹൈവെയുടെ റൂട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അബ്ദുൽ നസീർ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

മലയോര ഹൈവേയുടെ റൂട്ട് തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലെ മലയോരമേഖലയിലൂടെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെപിസിസി സെക്രട്ടറി ഷാജി കോടൻകണ്ടത്ത് ഉൾപ്പടെയുളള ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

പീച്ചി ഡാം റോഡിലൂടെയും മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലൂടെയുമാണ് നിർദിഷ്ട മലയോരഹൈവേ കടന്നുപോകുന്നത്. എന്നാൽ ഇത് മാറ്റി വഴക്കുമ്പാറ, വിലങ്ങന്നൂർ, പീച്ചി, പട്ടിലുംകുഴി, പുത്തൂർ വഴി, വെറ്റിലപ്പാറയിലൂടെ ഹൈവേ കടന്നുപോകണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്.

ദേശീയപാതയെ സംസ്ഥാനം നിർമ്മിക്കുന്ന മലയോര പാതയുടെ ഭാഗമാക്കാൻ കഴിയില്ലെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. തൃശൂർ ജില്ലയിലെ മലയോര മേഖലയിലൂടെ പാത പണിതാൽ എട്ട് കിലോമീറ്റർ ലഭിക്കാമെന്നും അഭിഭാഷകൻ മുഹമ്മദ് സാദിഖ് മുഖേനെ ഫയൽ ചെയ്ത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മലയോര ഹൈവേയുടെ റൂട്ട് മാറ്റാൻ സാധിക്കില്ലെന്നും റൂട്ട് മാറ്റിയാൽ പദ്ധതി പൂർത്തീകരണത്തിന് താമസം വരുമെന്നും ചെലവ് കൂടുമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.