ഒമിക്രോണ്‍ നിസാരമല്ല; ജാഗ്രതക്കുറവ് ഗുരുതര വിപത്തിന് ഇടയാകാമെന്ന് കേന്ദ്രം

 ഒമിക്രോണ്‍ നിസാരമല്ല; ജാഗ്രതക്കുറവ് ഗുരുതര വിപത്തിന് ഇടയാകാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഒമിക്രോണിനെ നിസാരമായി കാണരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ രണ്ടു തരംഗങ്ങളെ അപേക്ഷിച്ച് രോഗവ്യാപനത്തോത് ഇരട്ടിയാണെന്നും നേരിയ രോഗലക്ഷണങ്ങളും കുറഞ്ഞ മരണനിരക്കും കണക്കിലെടുത്ത് ജാഗ്രതക്കുറവ് ഗുരുതരവിപത്തിന് വഴിയൊരുക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വ്യാപനം വര്‍ധിച്ചാല്‍ 60 പിന്നിട്ടവര്‍, ഗുരുതരരോഗങ്ങളുള്ളവര്‍ എന്നിവരിലേക്ക് രോഗമെത്തും. ഇത് മുമ്പുണ്ടായതിന് സമാനമായ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഒമിക്രോണിനെത്തുടര്‍ന്നുള്ള കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ 20 ദിവസത്തിനിടെ മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഡല്‍ഹി, കേരളം, തമിഴ്നാട്, കര്‍ണാടകം, ഝാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ വര്‍ധിക്കുകയാണ്.

കഴിഞ്ഞ ഡിസംബര്‍ 15-ന് 5141 സജീവ കോവിഡ് രോഗികളുണ്ടായിരുന്ന മഹാരാഷ്ട്രയില്‍ ജനുവരി അഞ്ച് ആയപ്പോള്‍ രോഗികളുടെ എണ്ണം 69,008 ആയി. പശ്ചിമബംഗാളില്‍ 3932-ല്‍നിന്ന് 32,484-ലെത്തി. ഡല്‍ഹിയില്‍ 344-ല്‍നിന്ന് 19,522 ആയി. രോഗികളുടെ എണ്ണത്തോടൊപ്പം രോഗസ്ഥിരീകരണ നിരക്ക് 2.5 ശതമാനത്തിനു മുകളിലുള്ള ജില്ലകളുടെ എണ്ണവും വര്‍ധിക്കുകയാണ്. പത്തുദിവസത്തിനിടെ 39ല്‍ നിന്ന് 156-ലെത്തി.

ജാഗ്രതയിലൂടെ മാത്രമേ രോഗ നിയന്ത്രണം സാധ്യമാകൂവെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. അതിന് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായ് പാലിക്കണം. മാസ്‌ക് ധരിക്കണം. കോവിഡ് പോലെ വായുവിലൂടെയും ശ്രവങ്ങളിലൂടെയുമാണ് രോഗം പകരുന്നത്.

കേരളത്തിലേതടക്കമുള്ള രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കൗമാരക്കാരിലെ വാക്‌സിനേഷന്‍ നല്ല രീതിയില്‍ മുന്‍പോട്ട് പോകുന്നുണ്ട്. നിരീക്ഷണത്തിലും പ്രതിരോധ നടപടികളിലും വീഴ്ച പാടില്ലെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

കൂടാതെ ലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടില്‍ നിരീക്ഷിച്ചാല്‍ മതിയാകും. മറ്റ് രോഗങ്ങളുള്ള കോവിഡ് രോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടിയ ശേഷമേ വീട്ടില്‍ നിരീക്ഷണത്തിലിരിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യം കോവിഡ് മൂന്നാം തരംഗത്തിലെന്ന് കോവിഡ് വാക്‌സീന്‍ സാങ്കേതിക ഉപദേശകസമിതി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഈ മാസം തന്നെ കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാകുമെന്നും രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ആശുപത്രികള്‍ നിറഞ്ഞു കവിയാന്‍ സാധ്യതയുണ്ടെന്നും വാക്‌സീന്‍ സാങ്കേതിക ഉപദേശകസമിതി ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ പ്രതികരിച്ചു. പുതുതായി ഉണ്ടായ 50 ശതമാനം കേസുകള്‍ക്കും പിന്നില്‍ ഒമിക്രോണ്‍ വകഭേദമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം, നഗരങ്ങളില്‍ കൂടുതലായി പടരുന്നത് ഒമിക്രോണ്‍ വകഭേദമാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു. വൈറസ് വ്യാപനം ഒഴിവാക്കാന്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ഒമിക്രോണിനെ വേഗത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ആര്‍ടിപിസിആര്‍ പരിശോധന കിറ്റ് വികസിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.