പ്രധാനമന്ത്രിയുടെ യാത്രയില്‍ സുരക്ഷാ വീഴ്ച ഇല്ലെന്ന് പഞ്ചാബ്; ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും

പ്രധാനമന്ത്രിയുടെ യാത്രയില്‍ സുരക്ഷാ വീഴ്ച ഇല്ലെന്ന് പഞ്ചാബ്; ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും

അമൃത്സർ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷ വീഴ്ചയിൽ പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും. കർഷകരുടെ പ്രതിഷേധം കാരണം പ്രധാനമന്ത്രിയുടെ വാഹനം പതിനഞ്ച് മിനിറ്റിലധികം വഴിയിൽ കിടന്ന സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയിരുന്നു.

എന്നാൽ സുരക്ഷ വീഴ്ച ഇല്ലെന്നാണ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാർഗമാക്കാൻ പെട്ടെന്ന് തീരുമാനമെടുത്തു എന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം. എസ്പിജിയും സംഭവത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്.  

സംഭവത്തിന്റെ പേരിൽ  ബിജെപിക്കും കോൺഗ്രസിനുമിടയിൽ രാഷ്ട്രീയ ആരോപണപ്രത്യാരോപണം തുടരുകയാണ്.  'പ്രതിഷേധക്കാര്‍ കുത്തിയിരുന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞു. പ്രതിഷേധമുണ്ടാകാന്‍ കുറഞ്ഞത് 10 മുതല്‍ 20 മിനിറ്റ് വരെ എടുക്കും. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും മറ്റൊരു വഴിയിലൂടെ പോകാമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹം തിരിച്ചുപോകാനാണ് തീരുമാനിച്ചത്. ഒരുതരത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ആക്രമണത്തിന്റെ സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, കര്‍ഷക രോഷത്തെ തുടര്‍ന്ന് പഞ്ചാബിലെ ഫ്‌ളൈ ഓവറില്‍ 20 മിനിറ്റ് കുടുങ്ങിയ സംഭവത്തില്‍ കടുത്ത രോഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുള്ളത്.  ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ച മോദി, ജീവനോടെ തിരികെ എത്തിയതിന് മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കണമെന്ന് പറഞ്ഞു. ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ തിരികെ എത്തിയപ്പോഴാണ് മോഡിvഇങ്ങനെ പറഞ്ഞത്. ''നന്ദി മുഖ്യമന്ത്രി. ഞാന്‍ ഭാട്ടിന്‍ഡ വിമാനത്താവളത്തില്‍ ജീവനോടെ തിരിച്ചെത്തി''- അദ്ദേഹം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത് ബികെയു ക്രാന്തികാരി (ഫൂൽ) എന്ന സംഘടന ആണെന്ന് വ്യക്തമായി.റാലിക്കു പോകുകയായിരുന്ന ബിജെപി പ്രവർത്തകർക്കെതിരായിരുന്നു പ്രതിഷേധമെന്ന് സംഘടന വ്യക്തമാക്കി.പ്രധാനമന്ത്രി റോഡ് മാർഗം വരുന്നത് അറിഞ്ഞത് അവസാന നിമിഷമെന്നും സംഘടന പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.