സീറോ മലബാര്‍ സഭാ സിനഡ്‌ ഇന്നാരംഭിക്കും; 15 ന് സമാപിക്കും

 സീറോ മലബാര്‍ സഭാ സിനഡ്‌  ഇന്നാരംഭിക്കും; 15 ന് സമാപിക്കും

കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ മുപ്പതാമത് മെത്രാന്‍ സിനഡിന്റെ ഒന്നാം  സമ്മേളനം   ഇന്നാരംഭിക്കും. സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്ന്‌ വൈകുന്നേരമാണ്  സിനഡിന് തുടക്കമാകുന്നത്.

സഭാ തലവനായ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍ നിന്നു വിരമിച്ചവരുമായ 57 വൈദിക മേലധ്യക്ഷന്‍മാര്‍ സിനഡില്‍ പങ്കെടുക്കും. വിരമിച്ച അഞ്ച് മെത്രാന്‍മാര്‍ അനാരോഗ്യം മൂലം സിനഡില്‍ പങ്കെടുക്കുന്നില്ല.

ഇന്ന്  മുതല്‍ 15 വരെയാണ് സിനഡ് സമ്മേളനം നടക്കുന്നത്. സഭയും സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ സിനഡില്‍ ചര്‍ച്ച ചെയ്യും. കോവിഡ് പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ 2020 ഓഗസ്റ്റ് മാസത്തിലും 2021 ജനുവരി, ഓഗസ്റ്റ് മാസങ്ങളിലുമായി മൂന്ന് സിനഡ് സമ്മേളനങ്ങള്‍ നടത്തിയത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലാണ്.

പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം നല്‍കിയ പ്രത്യേക മാര്‍ഗരേഖയനുസരിച്ചാണ് ഇത്തരത്തില്‍ ഓണ്‍ലൈനായി സിനഡ് സമ്മേളനങ്ങള്‍ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയ സാഹചര്യത്തിലാണ് പകര്‍ച്ച വ്യാധി ആരംഭിച്ചതിനുശേഷം ആദ്യമായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ച് മെത്രാന്‍ സിനഡ് നടത്തുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.