കുഞ്ഞിനെ വിറ്റ് സാമ്പത്തിക ബാധ്യത തീര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതിയായ നീതു.
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും കടത്തിക്കൊണ്ടുപോയ നവജാത ശിശുവിനെ ഒരുമണിക്കൂറിനകം പൊലീസ് കണ്ടെത്തി. കുഞ്ഞിനെ ആശുപത്രിക്ക് മുന്നിലുള്ള ഹോട്ടലിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്.
ശിശുവിനെ കടത്തിയ കളമശേരി സ്വദേശിനി നീതുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. നഴ്‌സിന്റെ വേഷത്തില്‍ എത്തിയാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തത്. കുഞ്ഞിനെ വിറ്റ് സാമ്പത്തിക ബാധ്യത തീര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇവര്‍ പൊലീസിനു മൊഴി നല്‍കി. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.
ശിശുവിനെ തട്ടിയെടുത്ത വിവിരം പുറത്തറിഞ്ഞതോടെ പോലീസ് ആശുപത്രി പരിസരത്തും മറ്റും അന്വേഷണം വ്യാപകമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലിന് മുന്നില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ പോലീസ് കുട്ടിയെ തിരികെ ആശുപത്രിയിലേക്ക് എത്തിച്ച് അമ്മയ്ക്ക് കൈമാറുകയും ചെയ്തു.
കുട്ടിക്ക് ചില പ്രശ്നങ്ങളുണ്ടെന്നും ഡോക്ടര്‍ പരിശോധിക്കണമെന്നും അറിയിച്ചാണ് കുട്ടിയുടെ അമ്മയില്‍ നിന്നും ഇവര്‍ കുഞ്ഞിനെ വാങ്ങിയത്. തുടര്‍ന്ന് ഈ സ്ത്രീ കുഞ്ഞിനേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോവുകയായിരുന്നു. വണ്ടിപ്പെരിയാര്‍ സ്വദേശിനി അശ്വതിയുടെ ഒരു ദിവസം മാത്രം പ്രായമുള്ള മകളെയാണ് നീതു തട്ടിയെടുത്തത്.
ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് കുട്ടിയുടെ അമ്മ നഴ്സിങ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ നഴ്സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
ഇളം റോസ് നിറത്തിലുള്ള ചുരിദാര്‍ ധരിച്ച സ്ത്രീ കുട്ടിയേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഉടന്‍ ശേഖരിച്ച് അന്വേഷണം വിപുലമാക്കിയതോടെയാണ് കുഞ്ഞിനെ കണ്ടെത്താനായത്. നീതു ഇതിനു മുമ്പും വേഷം മാറി ആശുപത്രി പരിസരത്ത് വന്നിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും സമീപമുള്ള ദൃക്സാക്ഷികളും പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.