വത്തിക്കാന്‍ സിറ്റി:2022-ലെ ഓരോ മാസത്തേക്കും ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍കൂട്ടി നിര്‍ദ്ദേശിച്ച പ്രകാരമുള്ള പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. പൊന്തിഫിക്കല്‍ പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായി 2020 നവംബര്‍ 17-ന് മാര്‍പാപ്പ ഔദ്യോഗികമായി സ്ഥാപിച്ച വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ് വര്‍ക്കിനെയാണ് ഇതുമായി ബന്ധപ്പെട്ട ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.
2022,ജനുവരി മാസത്തെ പ്രാർത്ഥന നിയോഗം:
മതപരമായ വിവേചനവും പീഡനവും അനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന. മനുഷ്യകുടുംബത്തിലെ സഹോദരീസഹോദരന്മാരെന്ന നിലയിലുള്ള അവരുടെ സ്വന്തം അവകാശങ്ങളും അന്തസ്സും അംഗീകരിക്കപ്പെടട്ടെ.
മതസ്വാതന്ത്ര്യം ആരാധനാ സ്വാതന്ത്ര്യത്തില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന വസ്തുത തിരിച്ചറിയണമെന്നും മതസ്വാതന്ത്ര്യവും സാഹോദര്യവുമായുള്ള ബന്ധം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. മതപരമായ വിവേചനത്തിനും പീഡനത്തിനും എതിരെ പോരാടുന്നവര്‍ക്കായുള്ള 2022 ലെ തന്റെ ആദ്യ പ്രാര്‍ത്ഥനാ നിയോഗം പങ്കിട്ടുകൊണ്ടുള്ള സന്ദേശത്തിലാണ് മാര്‍പാപ്പ ഈ ആഹ്വാനമേകിയത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 'വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്കി'ന്റെ ശുശ്രൂഷ ഇതോടെ ഏഴാം വര്‍ഷത്തിലേക്കു കടന്നു. 'ഇത്രയും പരിഷ്‌കൃതമായ സമൂഹത്തില്‍, തങ്ങളുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചതിന്റെ പേരില്‍ ആളുകള്‍ പീഡിപ്പിക്കപ്പെടുന്നത് നമുക്ക് എങ്ങനെ അനുവദിക്കാനാകും?' ജനുവരിയിലെ തന്റെ പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗം പങ്കുവയ്ക്കുന്ന വീഡിയോയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ചോദിക്കുന്നു.'നിലവില്‍ പല മതന്യൂനപക്ഷങ്ങളും വിവേചനമോ പീഡനമോ അനുഭവിക്കുന്നു; ഇതെങ്ങനെ സംഭവിക്കുന്നു?' തങ്ങളുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്നതിന്റെ പേരില്‍ ആളുകളെ പീഡിപ്പിക്കുന്നത് 'മനുഷ്യത്വ രഹിതമായ ഭ്രാന്ത് ' ആണെന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
സഹോദരന്മാരായിരിക്കുന്നതിലൂടെ സാധ്യമാകുന്ന മഹത്തായ ഐക്യത്തെ മറയ്ക്കാന്‍ ഇടയാകരുത് മതപരമായ വ്യത്യാസങ്ങളെന്ന് മാര്‍പാപ്പ ഊന്നിപ്പറഞ്ഞു. 'മറ്റുള്ളവരെ അവരുടെ വ്യത്യസ്തതകളില്‍ വിലമതിക്കുകയും അവരെ യഥാര്‍ത്ഥ സഹോദരീസഹോദരന്മാരായി അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട.് നമുക്ക് സാഹോദര്യത്തിന്റെ പാത തിരഞ്ഞെടുക്കാം. കാരണം സഹോദരീസഹോദരന്മാരായിരിക്കാന്‍ നമുക്കാകുന്നില്ലെങ്കില്‍ വന്‍ നഷ്ടങ്ങളാകും ഫലം.'
വിവേചനം അനുഭവിക്കുന്നവരും മതപരമായ പീഡനങ്ങള്‍ അനുഭവിക്കുന്നവരും, അവര്‍ ജീവിക്കുന്ന സമൂഹങ്ങളില്‍ സഹോദരീസഹോദരന്മാരായിരിക്കുന്നതിലൂടെ ലഭിക്കുന്ന അവകാശങ്ങളും അന്തസ്സും കണ്ടെത്തുന്നതിനായി 2022 ലെ ഈ ആദ്യ മാസത്തില്‍ പ്രാര്‍ത്ഥിക്കണം:ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.
മാര്‍പാപ്പയുടെ ഈ മാസത്തെ പ്രാര്‍ത്ഥനാ നിയോഗത്തെ പിന്തുണച്ച് 'കാത്തലിക് ചാരിറ്റി എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് 'എന്ന പ്രസ്ഥാനം പ്രസിദ്ധീകരിച്ച 'ലോകത്തിലെ മത സ്വാതന്ത്ര്യം ' എന്ന റിപ്പോര്‍ട്ടില്‍ ലോകമെമ്പാടും ഓരോ മൂന്നില്‍ രണ്ട് രാജ്യങ്ങളിലും മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നതായി ചൂണ്ടിക്കാണിക്കുന്നു. മൊത്തം ലോക ജനസംഖ്യയുടെ മൂന്നിലൊരു ഭാഗം പേര്‍ ഈ രാജ്യങ്ങളിലാണ്. മതസ്വാതന്ത്ര്യത്തെ മാനിക്കാത്ത രാജ്യങ്ങളില്‍ താമസിക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണം 646 ദശലക്ഷത്തിലധികമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
2022ലെ ഓരോ മാസത്തേയും പ്രാര്‍ത്ഥനാ നിയോഗങ്ങള്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.