പഞ്ചാബിലെ സുരക്ഷാവീഴ്ച: കടുത്ത നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

 പഞ്ചാബിലെ സുരക്ഷാവീഴ്ച: കടുത്ത നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിനിടെ പഞ്ചാബില്‍ ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പഞ്ചാബിലെ ഫിറോസ്പുരില്‍ ബുധനാഴ്ച ഉണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് പഞ്ചാബ് സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ ഉന്നതതല സമിതി അന്വേഷണം ആരംഭിച്ചു. വിഷയത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ നേരില്‍ക്കണ്ട് സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. ഗുരുതരമായ സുരക്ഷാ വീഴ്ചയില്‍ രാഷ്ട്രപതി ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു നടപടി എടുക്കാന്‍ സാധ്യതയുണ്ടെന്ന് വിശ്വസ്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഡല്‍ഹിയിലേക്ക് നേരിട്ടു വിളിച്ചു വരുത്തി എസ്.പി.ജി നിയമപ്രകാരമാവും നടപടി സ്വീകരിക്കുന്നത്.

കൂടാതെ കേന്ദ്ര ഉന്നതതല അന്വേഷണത്തിനും സാധ്യതയുണ്ട്. അന്വേഷണത്തിനായി പഞ്ചാബ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ വക്താവാണ് ചണ്ഡീഗഡില്‍ അറിയിച്ചത്. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മേഹ്താബ് സിങ് ഗില്‍, ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുരാഗ് വര്‍മ എന്നിവരടങ്ങിയ സമിതിക്കാണ് അന്വേഷണച്ചുമതല. സമിതി മൂന്നു ദിവസത്തിനകം സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പ്രധാനമന്ത്രിയുടെ യാത്രാ വിവരങ്ങള്‍ പഞ്ചാബ് പൊലീസ് പ്രതിഷേധക്കാര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നുമുള്ള ആരോപണം ബി.ജെ.പി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന നിലപാട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി വ്യാഴാഴ്ചയും ആവര്‍ത്തിച്ചു. ജനാധിപത്യത്തിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാരിനെ അട്ടിമറിക്കാനാണ് 'സുരക്ഷാവീഴ്ച നാടക'മെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ഉപരാഷ്ട്രപതി വെങ്കയ്യനായിഡു സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചു. സുരക്ഷാ പ്രോട്ടോകോളിലുണ്ടായ ഗുരുതരമായ വീഴ്ചയ്‌ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉപരാഷ്ട്രപതി ട്വിറ്ററില്‍ പറഞ്ഞു. വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗവും വിഷയം ചര്‍ച്ച ചെയ്തു. കുറ്റക്കാര്‍ക്കെതിരേ നടപടിവേണമെന്ന് മന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മുമ്പൊരിക്കലും പ്രധാനമന്ത്രിമാരുടെ സന്ദര്‍ശനത്തില്‍ ഇത്തരത്തില്‍ സുരക്ഷാ വീഴ്ചകളുണ്ടായിട്ടില്ലെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.

സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും കടുത്ത തീരുമാനങ്ങളുണ്ടാകുമെന്നും വാര്‍ത്താ വിതരണമന്ത്രി അനുരാഗ് ഠാക്കൂര്‍ മന്ത്രിസഭാ യോഗത്തിനു ശേഷം വ്യക്തമാക്കിയരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.