പ്രധാനമന്ത്രിയെ തടഞ്ഞ സംഭവം: ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

 പ്രധാനമന്ത്രിയെ തടഞ്ഞ സംഭവം: ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

ന്യുഡല്‍ഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച നിയമ പോരാട്ടത്തിലേക്ക്. വിഷയം ഗൗരവമുള്ളതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയുടെ പകര്‍പ്പ് പഞ്ചാബ് സര്‍ക്കാരിന് നല്‍കാനും കോടതി നിര്‍ദേശം. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ കോണ്ഗ്രസ് ബിജെപി രാഷ്ട്രീയ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് വിഷയം സുപ്രീം കോടതിയിലും എത്തിയത്.സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗാണ് സുപ്രിം കോടതിയെ സമീപിച്ചത്. വിഷയം ഗൗരവമുള്ളതെന്ന് നീരീക്ഷിച്ച ജസ്റ്റിസ് എന്‍.വി രമണ ഹര്‍ജിയുടെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിനും, പഞ്ചാബ് സര്‍ക്കാരിനും നല്‍കാന്‍ നിര്‍ദേശിച്ചു.

അതിനിടെ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല അന്വേഷണ സമിതിയെയും നിയമിച്ചിട്ടുണ്ട്. റിട്ടയേഡ് ജസ്റ്റിസ് മെഹ്താബ് സിംഗ് ഗില്‍, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജസ്റ്റിസ് അനുരാഗ് വര്‍മ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി . സുരക്ഷ വീഴ്ചയില്‍ സമഗ്രമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും പുറമെ മുന്‍ പിസിസി അധ്യക്ഷനും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ തലവനുമായ സുനില്‍ ജക്കാറും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സുരക്ഷാ വീഴ്ചയില്ലെന്നും പരിപാടികള്‍ റദ്ദാക്കി മടങ്ങാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേതായിരുന്നു എന്നുമാണ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.