കോവിഡ്: കേന്ദ്രം നിലപാട് കടുപ്പിക്കുന്നു;'ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാകണം'; സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം

കോവിഡ്: കേന്ദ്രം നിലപാട് കടുപ്പിക്കുന്നു;'ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാകണം'; സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,100 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദ്ദേശം. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഫണ്ടുകളുടെ പൂര്‍ണമായ വിനിയോഗവും ഉറപ്പുവരുത്തണം. സംസ്ഥാനങ്ങളിലെ ഓക്‌സിജന്‍ ലഭ്യതയും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുകയാണ്. ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, ഓക്‌സിജന്‍ സിലിണ്ടര്‍, വെന്റിലേറ്ററുകള്‍, പിഎസ്എ പ്ലാന്റുകള്‍ എന്നിവയുടെ ലഭ്യതയും പരിശോധിക്കും. ഏഴ് മാസത്തിന് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നിരിക്കുകയാണ്.

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,100 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 28 ശതമാനത്തിന്റെ വര്‍ധനയാണിത്. ആകെ കോവിഡ് രോഗികളുടെ എണ്ണം ഇതോടെ 3.52 ലക്ഷമായി ഉയര്‍ന്നു. കോവിഡിന്റെ ഒമിക്രോണ്‍ വകഭേദമാണ് രാജ്യത്ത് ഇപ്പോള്‍ വ്യാപിക്കുന്നതില്‍ ഏറ്റവും കൂടുതലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

377 പേര്‍ക്ക് കൂടി ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 3007 ആയിട്ടുണ്ട്. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ഇതിനോടകം ഒമിക്രോണ്‍ സ്ഥിരീകരിച്ച് കഴിഞ്ഞു.

ഇതിനിടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം ഗൗരവതരമല്ലെന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. ഇത് സംബന്ധിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

ഒമിക്രോണ്‍ വ്യാപനം ഗൗരവമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയതോടെ യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കമ്മീഷന്‍ എന്ത് നിലപാടെടുക്കുമെന്നാണ് ആകാംഷ. കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള പല രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് റാലികളില്‍ നിയന്ത്രണം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഒമിക്രോണ്‍ സ്ഥിരീകരിച്ച് ആളുകള്‍ മരിക്കുന്നുണ്ടെന്നും നിസാരമായി കാണരുതെന്നും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.