ന്യുഡല്‍ഹി: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ ജീവചരിത്രത്തിന്റെ പ്രസിദ്ധീകരണവകാശം സ്വന്തമാക്കി ഹാര്‍പ്പര്‍ കോളിന്‍സ്.
ഇന്ത്യയിലെ ഏറ്റവും വലിയ നോണ്‍-ഫിക്ഷന്‍ ഡീലായാണ് ഇതിനെ കണക്കാക്കുന്നത്. രണ്ടുകോടിക്കാണ് രത്തന്‍ ടാറ്റയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കാനുള്ള അവകാശം ഹാര്‍പ്പര്‍ കോളിന്‍സ് സ്വന്തമാക്കുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രത്തന്‍ ടാറ്റയുടെ ഫോട്ടോഗ്രാഫുകള്‍, സ്വകാര്യ പേപ്പറുകള്‍, കത്തിടപാടുകള്‍ എന്നിവ ലഭിച്ചിട്ടുള്ള മുന്‍ സീനിയര്‍ ബ്യൂറോക്രാറ്റും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ തോമസ് മാത്യുവാണ് പുസ്തകം രചിക്കുന്നത്. അബോഡ് അണ്ടര്‍ ദി ഡോം, ദി വിംഗഡ് വണ്ടേഴ്സ് ഓഫ് രാഷ്ട്രപതി ഭവന്‍ എന്നിങ്ങനെ രണ്ട് പുസ്തകങ്ങള്‍ മുന്‍പ് അദ്ദേഹം രചിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിയും മനുഷ്യസ്നേഹിയുമായ രത്തന്‍ ടാറ്റയുടെ ജീവിതം വിവരിക്കുന്ന ഈ പുസ്തകം, അദ്ദേഹത്തിന്റെ ബാല്യകാലം, കോളേജ് വര്‍ഷങ്ങള്‍, ആദ്യകാല സ്വാധീനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ധാരാളം വിശദാംശങ്ങളുള്ള ഒരു ആധികാരിക ജീവചരിത്രമാണ്.
ടാറ്റയുടെ നാനോ പ്രോജക്റ്റ്, മുന്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സൈറസ് മിസ്ത്രിയെ പുറത്താക്കല്‍, ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് കോറസ് ഏറ്റെടുക്കല്‍ തുടങ്ങിയ സംഭവങ്ങളെ കുറിച്ച് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വിശദാംശങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹാര്‍പ്പര്‍ കോളിന്‍സിന്റെ പ്രസിദ്ധീകരണ അവകാശങ്ങള്‍ നേടിയ ബിഡ് തുക സ്രോതസ്സുകള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പ്രിന്റ്, ഓഡിയോബുക്ക്, ഇ-ബുക്ക് ഫോര്‍മാറ്റുകള്‍ക്ക് 2 കോടി രൂപയിലധികം വരുമെന്നാണ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഓവര്‍-ദി-ടോപ്പ് (OTT) യുടെയും സിനിമയുടെയും അവകാശങ്ങള്‍ എഴുത്തുകാരന്‍ നിലനിര്‍ത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ലാബിരിന്ത് ലിറ്റററി ഏജന്‍സിയിലെ അനീഷ് ചാണ്ടിയാണ് രചയിതാവിനെ പ്രതിനിധീകരിക്കുന്നത്.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജീവചരിത്രമായ - പ്ലേയിംഗ് ഇറ്റ് മൈ വേ ആണ് ഇതിന് മുന്‍പ് വന്‍തുക നല്‍കി പ്രസിദ്ധീകരണ അവകാശം സ്വന്തമാക്കിയ മറ്റൊരു ജീവ ചരിത്രം. ഹച്ചെറ്റ് ഇന്ത്യയാണ് ഇത് പ്രസിദ്ധീകരിച്ചത്. 1937-ല്‍ ജനിച്ച രത്തന്‍ ടാറ്റ 1961-ല്‍ ആണ് നേവല്‍ ടാറ്റ കമ്പനിയില്‍ ചേര്‍ന്നത്. 1991 ജെ ആര്‍ ഡി ടാറ്റ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയപ്പോള്‍ ആ സ്ഥാനം ഏറ്റെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.