സീറോ മലബാര്‍ സഭയുടെ മുപ്പതാമത്തെ സിനഡിന്റെ ആദ്യ സെഷന്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരി തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. സിനഡ് സെക്രട്ടറി ബിഷപ് മാര്‍ ആന്റണി കരിയില്‍, ചാന്‍സിലര്‍ റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍ എന്നിവര്‍ സമീപം.
കൊച്ചി: കൂട്ടായ്മയുടെ അരൂപിയില്‍ പ്രതിസന്ധികളെ മറികടക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ മുപ്പതാമത്തെ സിനഡിന്റെ ആദ്യ സെഷന്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍.
കോവിഡ് മഹാമാരി മൂലം രണ്ടു വര്‍ഷങ്ങളായി ഓണ്‍ലൈനില്‍ നടന്ന സിനഡുകള്‍ക്കു ശേഷം കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ഇത്തവണത്തെ സമ്മേളനം ആരംഭിച്ചത്. ഗോരഖ്പൂര്‍ രൂപതയുടെ മെത്രാനായ ബിഷപ് തോമസ് തുരുത്തിമറ്റം സിനഡ് അംഗങ്ങള്‍ക്ക് നല്‍കിയ ധ്യാന ചിന്തയോടെയാണ് സിനഡ് ആരംഭിച്ചത്.
ഫ്രാന്‍സിസ് മാര്‍പാപ്പ വിഭാവനം ചെയ്ത മഹാ സിനഡിന്റെ പശ്ചാത്തലത്തില്‍ പരസ്പരം ശ്രവിച്ചും വിവേക പൂര്‍വം വിലയിരുത്തിയും സഭാ ശുശ്രൂഷ ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ധ്യാന ചിന്തയില്‍ മാര്‍ തോമസ് തുരുത്തിമറ്റം പങ്കുവെച്ചത്.
2021 ഓഗസ്റ്റ് മാസത്തിലെ സിനഡില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതി ഏകീകരിക്കാന്‍ നല്‍കിയ നിര്‍ദ്ദേശം സഭയിലെ 34 രൂപതകളില്‍ നടപ്പിലാക്കാനായത് കൂട്ടായ്മയുടെ വിജയമാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ചുരുക്കം ചില സ്ഥലങ്ങളില്‍ സിനഡിന്റെ തീരുമാനം നടപ്പിലാക്കുന്നതിലുള്ള വൈഷമ്യങ്ങളെക്കുറിച്ച് ഈ സിനഡ് സമ്മേളനം വിലയിരുത്തി മാര്‍ഗ നിര്‍ദ്ദേശം നല്‍കുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു.
അള്‍ത്താരയിലെ ഐക്യത്തിലൂടെ സഭയുടെ കൂട്ടായ്മയും ഐക്യവും കൂടുതല്‍ വര്‍ദ്ധമാനമാകുന്നത് ശുഭോദര്‍ക്കമാണെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.
മാര്‍ത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 -ാം വാര്‍ഷികം ഈ വര്‍ഷത്തെ ദുക്‌റാന തിരുനാളിനോടനുബന്ധിച്ച് ആചരിക്കാന്‍ മേജര്‍ ആര്‍ച്ച് ബിഷപ് ആഹ്വാനം ചെയ്തു. സീറോ മലബാര്‍ സഭയില്‍ ഈ വര്‍ഷം പുതുതായി അഭിഷിക്തരായ 273 നവ വൈദികരെയും 365 നവ സന്യാസിനിമാരെയും സിനഡ് അഭിനന്ദിച്ചു.
മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍, ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി, ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവര്‍ക്കും മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന ബിഷപ് മാര്‍ തോമസ് ഇലവനാലിനും സിനഡ് അനുമോദനങ്ങള്‍ നേര്‍ന്നു.
ആനുകാലിക പ്രാധാന്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സിനഡില്‍ പുരോഗമിക്കുകയാണ്. ജനുവരി പതിനഞ്ചിന് വൈകുന്നേരം ആറുമണിയോടെ സിനഡ് സമ്മേളനം സമാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.