സഹകരണ മേഖലയിലെ നിക്ഷേപകരുടെ സുരക്ഷാ ഗാരന്റി അഞ്ചുലക്ഷം രൂപയാക്കും: മന്ത്രി വി.എന്‍ വാസവന്‍

 സഹകരണ മേഖലയിലെ നിക്ഷേപകരുടെ സുരക്ഷാ ഗാരന്റി അഞ്ചുലക്ഷം രൂപയാക്കും: മന്ത്രി വി.എന്‍ വാസവന്‍

ആലപ്പുഴ: സഹകരണമേഖലയിലെ നിക്ഷേപകരുടെ സുരക്ഷാഗാരന്റി അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തുമെന്നു സഹകരണ മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ എന്നീ സംഘടനകളുടെ ലയന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണമേഖലയെ കുരുക്കിലാക്കാന്‍ ആര്‍.ബി.ഐ ഇറക്കിയ ഉത്തരവിലൊന്ന് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നഷ്ടപരിഹാരം നല്‍കില്ലെന്നതാണ്. നാളിതുവരെ ഒരു രൂപ പോലും നഷ്ടപരിഹാരം തരാത്തവരാണ് ഇതു പറഞ്ഞത്. ഇക്കാര്യം കാണിച്ചു കത്തു കൊടുത്തപ്പോള്‍ പരിഗണിക്കാമെന്നാണു മറുപടി കിട്ടിയതെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം ശക്തമായപ്പോള്‍ ഓക്‌സിജന്‍ നില പരിശോധിക്കുന്ന പള്‍സ് ഓക്‌സീമീറ്റര്‍ വില 3,500 രൂപയാക്കി വന്‍കിട കമ്പനികള്‍ കൊള്ള നടത്തി. ഈ സമയം കണ്‍സ്യൂമര്‍ഫെഡ് ഇടപെട്ട് കേരളത്തിലാകെ 350 രൂപയ്ക്ക് ഓക്‌സീമീറ്റര്‍ എത്തിച്ചു. ഇതെല്ലാം ചെയ്യുന്ന സഹകരണമേഖല കോര്‍പ്പറേറ്റുകളുടെയും തലവേദനയാണ്. പൊതുജനങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിക്കുകയും അവര്‍ക്കു തന്നെ അതു നല്‍കുകയും ചെയ്യുന്ന സഹകരണബാങ്കുകളെ ബാങ്കുകളെന്നു വിളിക്കാന്‍ പാടില്ലെന്നു പറയാന്‍ ആര്‍.ബി.ഐ.ക്ക് എന്തവകാശമാണുള്ളതെന്നും മന്ത്രി ചോദിച്ചു.

കേരള ബാങ്കില്‍ മലപ്പുറം ജില്ലാ സഹകരണബാങ്ക് 14നുള്ളില്‍ ലയിക്കും. സേവിങ്‌സ്, കറന്റ് അക്കൗണ്ടുകള്‍ വര്‍ധിപ്പിച്ചാല്‍ കേരള ബാങ്കിന് ദേശസാത്കൃത ബാങ്കുകളേക്കാള്‍ കുറഞ്ഞനിരക്കില്‍ വായ്പ നല്‍കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.