ശാസ്ത്ര വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ പതിനാറാം ഭാഗം.
നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ് കലണ്ടര്‍. കലണ്ടറില്ലാത്ത ഒരു ജീവിതം നമുക്ക് ചിന്തിക്കാനാവില്ല. ഇന്ന് നാം ഉപയോഗിക്കുന്ന കലണ്ടര്‍ ഈ രീതിയില്‍ സജ്ജീകരിക്കുന്നതിനു പിന്നില്‍ യത്‌നിച്ച വലിയ മനുഷ്യനാണ് ക്രിസ്റ്റഫര്‍ ക്ലാവിയൂസ്. ചരിത്രത്തിന്റെ ആഖ്യാനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വസ്തുവായ കലണ്ടര്‍ നിര്‍മിച്ചയാളുടെ ചരിത്രം അറിഞ്ഞിരിക്കുന്നത് വളരെ നല്ല കാര്യമാണ്.
ക്രിസ്റ്റഫര്‍ ക്ലാവിയൂസ് ജനിക്കുന്നത് ജര്‍മനിയിലെ ബാംബെര്‍ഗ് പ്രദേശത്താണ്. അദ്ദേഹത്തിന്റെ ശൈശവ കാലഘട്ടത്തെപ്പറ്റി അധികം ചരിത്രം അവശേഷിക്കുന്നില്ല. അദ്ദേഹത്തിന് ഒരു ജര്‍മന്‍ നാമം ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ ഇന്ന് നമുക്ക് അത് അറിവില്ല. അദ്ദേഹം പിന്നീട് സ്വീകരിച്ച  ക്ലാവിയൂസ് എന്ന ലാറ്റിന്‍ നാമമാണ് അദ്ദേഹത്തിന്റെ  അറിയപ്പെടുന്ന നാമം. ക്ലാവിയൂസ് എന്ന പേരിന്റെ അര്‍ഥം താക്കോല്‍ എന്നാണ്. Clau എന്ന മൂലപദത്തില്‍നിന്നാണ് ഈ നാമം കടന്നുവരുന്നത്. 
1537 ലാണ് അദ്ദേഹം ജനിച്ചത്. പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന്റ ആരംഭ കാലത്താണ് ക്ലാവിയൂസ് ജര്‍മനിയില്‍ ജീവിച്ചത്. പ്രൊട്ടസ്റ്റന്റ് ആശയങ്ങളില്‍ വീണുപോകാതെ കത്തോലിക്കാ വിശ്വാസത്തില്‍ത്തന്നെ അദ്ദേഹം ഉറച്ചുനിന്നു. 1555 ല്‍  ജെസ്യുട്ട് സഭയില്‍ ചേര്‍ന്നു. തുടര്‍ന്നുള്ള പഠനത്തിന് അദ്ദേഹം റോമിലേക്ക് പോയി. തുടര്‍ന്ന് പോര്‍ട്ടുഗലിലെ Coimbra എന്ന സ്ഥലത്തു പോവുകയും അവിടെയുള്ള ജെസ്യൂട്ട് കോളജില്‍ പഠിക്കുകയും ചെയ്തു. 
എന്നും ഗണിത ശാസ്ത്രം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നു. 1560 ഓഗസ്റ്റ് 21 ലെ സൂര്യഗ്രഹണം അദ്ദേഹത്തിന്റെ ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്തിയ ഒരു സംഭവമാണ്. ഈ സംഭവം ജ്യോതിശാസ്ത്രത്തിലും ശ്രദ്ധ ചെലുത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 1560 ല്‍ത്തന്നെ ക്ലാവിയൂസ് റോമില്‍ തിരിച്ചുവരികയും റോമന്‍ കോളജില്‍ ദൈവശാസ്ത്ര പഠനം ആരംഭിക്കുകയും ചെയ്തു. 
1564 ല്‍ അദ്ദേഹം പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. തുടര്‍ന്ന്  അവിടെത്തന്നെ ഗണിതശാസ്ത്ര അധ്യാപകനായി. നാപ്പോളിയിലും സ്‌പെയിനിലും പോയ ഏതാനും മാസങ്ങള്‍ ഒഴിച്ചാല്‍ ബാക്കി മുഴുവന്‍ സമയവും അദ്ദേഹം റോമന്‍ കോളേജില്‍ ഗണിതാധ്യാപകനായി തുടര്‍ന്നു.
ജെസ്യൂട്ട് സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ഗണിത ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ഗണിതവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ എഴുതുകയും അത് അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ പല തവണ പുനപ്രസിദ്ധീകരക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും സ്മരണീയമായ കാര്യം കലണ്ടര്‍ ആണ്. 46 ബിസിയില്‍ ജൂലിയസ് സീസര്‍ നിലവില്‍ വരുത്തിയ കലണ്ടര്‍ ആണ് അദ്ദേഹത്തിന്റെ കാലം വരെ ഉപയോഗിച്ചിരുന്നത്. 
ഈ കലണ്ടര്‍ ഓരോ 385 വര്‍ഷത്തിലും മൂന്ന് അധിവര്‍ഷങ്ങള്‍ അധികം വരുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരുന്നത്. ഇതിനു ജൂലിയന്‍ അധിവര്‍ഷ നിയമം എന്നായിരുന്നു പേര്. ഈ മൂന്നു ദിവസങ്ങള്‍ മാറുന്നതിനാല്‍ മാര്‍ച്ചു 21 നും സെപ്റ്റംബര്‍ 23 നും സംഭവിക്കേണ്ട പകലും രാത്രിയും ഒരേ ദൈര്‍ഖ്യമാവുന്ന പ്രതിഭാസവും ജൂണ്‍ 21 നും ഡിസംബര്‍ 21 നും സംഭവിക്കേണ്ട സൂര്യന്‍ ഭൂമധ്യരേഖയില്‍ നിന്നും ഏറ്റവും അകലെയായിരിക്കുന്ന പ്രതിഭാസവും ആ ദിവസങ്ങളില്‍ നിന്ന് മാറാന്‍ തുടങ്ങി. 
മാര്‍ച്ച് 21 എന്ന ദിവസത്തിന്റെ മതപരമായ പ്രാധാന്യം ആ ദിവസമാണ് ഈസ്റ്റര്‍ കണക്കാക്കുന്നതിന്റെ അടിസ്ഥാനം എന്നതാണ്. അതിനാല്‍ മാര്‍ച്ച് 21 എന്ന ദിവസത്തിന്റെ പ്രത്യേകത നിലനിര്‍ത്തുക എന്നത് കത്തോലിക്കാ സഭക്ക് ഒരാവശ്യമായിരുന്നു. 1563 ല്‍ തേന്ത്രോസ് സൂനഹദോസ് ഇത് മാര്‍പ്പാപ്പയോട് നിവര്‍ത്തിച്ചു നല്‍കണമെന്ന് അപേക്ഷിച്ചു. 
ഗ്രിഗറി പതിമൂന്നാമന്‍ പാപ്പാ തന്റെ ഗണിതശാസ്ത്ര പണ്ഡിതരുമായി ഈ വിഷയം സംസാരിച്ചു. അവരില്‍ ഏറ്റവും മുതിര്‍ന്നത് ക്ലാവിയൂസ് ആയിരുന്നു. ക്ലാവിയൂസ് ഇതിനു വ്യക്തമായ പരിഹാരം നിര്‍ദേശിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ ഇപ്രകാരമായിരുന്നു. ആദ്യത്തേത് 1582 ഒക്ടോബര്‍ നാലിനു ശേഷം 1582 ഒക്ടോബര്‍ 15 ആവുക എന്നതായിരുന്നു. ഇതാണ് ജൂലിയന്‍ കലണ്ടറില്‍നിന്നു ഗ്രിഗോറിയന്‍ കലണ്ടറിനുള്ള ആദ്യ വ്യത്യാസം. 
രണ്ടാമത്തെ മാറ്റം അധിവര്‍ഷങ്ങള്‍ കണക്കുകൂട്ടുന്ന വിധമാണ്. നാലു വര്‍ഷത്തിലൊരിക്കല്‍ മാത്രം അധിവര്‍ഷം മതി എന്ന് അദ്ദേഹം നിര്‍ദേശിച്ചു. 00 - യില്‍  അവസാനിക്കുന്ന വര്‍ഷങ്ങള്‍ (1600, 1700, 1800 ) 400 കൊണ്ട് ഹരിക്കാവുന്നതാണെങ്കില്‍ മാത്രം അധിവര്‍ഷം ആയാല്‍ മതി എന്നും അദ്ദേഹം നിര്‍ദേശിച്ചു. ഈ നിയമമാണ് ഇന്നും നാം തുടരുന്നത്. 3500 വര്‍ഷങ്ങള്‍ തെറ്റില്ലാതെ മുന്നോട്ട് പോകാന്‍ ഈ നിയമം നമ്മെ സഹായിക്കും എന്നതാണ് ഇന്നത്തെ കണക്കുകൂട്ടല്‍.  
അദ്ദേഹം കലണ്ടറില്‍ നിന്ന് 11 ദിവസങ്ങള്‍ നഷ്ടപ്പെടുത്തി എന്ന്  ആദ്യം ചിലരെങ്കിലും വിമര്‍ശനം പറഞ്ഞെങ്കിലും ഈ സംഭാവനയുടെ മാഹാത്മ്യം ഇന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്. മറ്റു പ്രധാനപ്പെട്ട ശാസ്ത്രീയ കണ്ടെത്തലുകളൊന്നും അദ്ദേഹം നടത്തിയില്ലെങ്കിലും ശാസ്ത്ര സത്യങ്ങളെ അന്വേഷികളിലേക്ക് എത്തിക്കുന്ന നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. 
കെപ്ലര്‍, ഡെകാര്‍ട്, ലൈബ്‌നിസ് തുടങ്ങിയവര്‍ അദ്ദേഹത്തെ തങ്ങളുടെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചു. വേര്‍നിയറുടെ കാലം വരെയും ദൂരം അളക്കാനുള്ള ഏറ്റവും സാങ്കേതികമായി മികച്ച യന്ത്രം ക്ലാവിയൂസ് നിര്‍മിച്ചതായിരുന്നു. 73-ാം വയസില്‍ അദ്ദേഹം തീരെ അവശനായി. 
പിന്നീട് ജോലികള്‍ തന്റെ ഇളയ സഹപ്രവര്‍ത്തകര്‍ക്ക് വീതിച്ചു നല്‍കി. 1612 ലാണ് അദ്ദേഹം മരണത്തെ പുല്‍കുന്നത്. ഇന്നും അദ്ദേഹത്തിന്റെ ദീപ്തസ്മരണകള്‍ ശാസ്ത്ര ലോകത്തെ പ്രകാശിപ്പിക്കുന്നു. ഒരു കത്തോലിക്കാ പുരോഹിതന്റെ ജീവിതം എങ്ങനെ സമൂഹത്തെയും ശാസ്ത്രലോകത്തെയും ക്രിയാത്മകമായി വളര്‍ത്തും എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ക്രിസ്റ്റഫര്‍ ക്ലാവിയൂസിന്റെ ജീവിതം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.