ഹൈദരബാദിനെ ഒരു ഗോളിന് കീഴടക്കി; കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യമായി പോയിന്റ് പട്ടികയില്‍ ഒന്നാമത്

ഹൈദരബാദിനെ ഒരു ഗോളിന് കീഴടക്കി; കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യമായി പോയിന്റ് പട്ടികയില്‍ ഒന്നാമത്

മഡ്ഗാവ്: കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഐഎസ്എല്ലില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. 42-ാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വസാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ നേടിയത്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തുന്നത്.

2014-ലാണ് ബ്ലാസ്റ്റേഴ്സ് അവസാനമായി ഒന്നാം സ്ഥാനത്തെത്തിയത്. ഇത്തവണ ലീഗില്‍ ആദ്യകളിയില്‍ എ.ടി.കെയോട് തോറ്റതിന് ശേഷം ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ വിജയികളാണ് ബ്ലാസ്റ്റേഴ്‌സ്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആക്രമിക്കാനിറങ്ങിയത് ഹൈദരാബാദായിരുന്നു. ഒമ്പതാം മിനിറ്റില്‍ തന്നെ എഡു ഗാര്‍സിയയുടെ ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖന്‍ ഗില്‍ രക്ഷപ്പെടുത്തി.

ഇതിനിടെ 10-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളി ഗില്ലിനെ പിന്നില്‍ നിന്നും വീഴ്ത്തിയതിന് ഹൈദരാബാദ് താരം ബര്‍ത്തലോമ്യു ഓഗ്ബെച്ചെയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 24-ാം മിനിറ്റില്‍ ജോര്‍ജ് ഡിയാസിന്റെ ഉറച്ച ഗോള്‍ ശ്രമം ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണി അദ്ഭുതകരമായി രക്ഷപ്പെടുത്തി. 42-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കാത്തിരുന്ന ഗോളെത്തിയത്. ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ലോങ് ത്രോയില്‍ നിന്നായിരുന്നു ഗോള്‍.

ബോക്സിലേക്കെത്തിയ പന്ത് സഹല്‍ അബ്ദുള്‍ സമദ് പിന്നിലേക്ക് ഹെഡ് ചെയ്തു. ഈ പന്ത് ലഭിച്ച ഹൈദരാബാദ് താരം ആശിഷ് റായ് ഹെഡ് ചെയ്ത് ഒഴിവാക്കാന്‍ ശ്രമിച്ചത് അല്‍വാരോ വാസ്‌ക്വസിന് പിന്നിലേക്കായിരുന്നു. വാസ്‌ക്വസിന്റെ ഇടംകാലന്‍ വോളി ബുള്ളറ്റ് കണക്കെ വലയില്‍. ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നില്‍. ബ്ലാസ്റ്റേഴ്സിന്റെ ലീഡില്‍ ഒന്നാം പകുതി അവസാനിച്ചു. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുറച്ചാണ് ഹൈദരാബാദ് കളത്തിലിറങ്ങിയത്.

47-ാം മിനിറ്റില്‍ തന്നെ നിഖില്‍ പൂജാരിയുടെ ക്രോസ് ബ്ലാസ്റ്റേഴ്സ് ബോക്സിലെത്തിയെങ്കില്‍ ഡിഫന്‍ഡര്‍മാര്‍ അപകടമൊഴിവാക്കി. 53-ാം മിനിറ്റില്‍ അനികേത് യാദവിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. അവസാന മിനിറ്റുകളില്‍ ഹൈദരാബാദിന്റെ കടുത്ത പ്രസ്സിങ് ഗെയിം അതിജീവിച്ചാണ് ബ്ലാസ്റ്റേഴ്സ് വിജയം കൈയടക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.