കുതിച്ചുയര്‍ന്ന് കോവിഡ് കണക്കുകള്‍; രാജ്യത്ത് 1,79,723 പുതിയ രോഗികള്‍; ഒമിക്രോണ്‍ 4,033

കുതിച്ചുയര്‍ന്ന് കോവിഡ് കണക്കുകള്‍; രാജ്യത്ത് 1,79,723  പുതിയ രോഗികള്‍; ഒമിക്രോണ്‍ 4,033

ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയര്‍ന്ന് കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 1,79,723 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതിനേക്കാള്‍ 12 ശതമാനമാണ് വര്‍ധനയുണ്ടായിരിക്കുന്നത്. 146 മരണവും റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം പുതിയതായി 410 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

ഇതോടെ ഇതുവരെ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളുടെ എണ്ണം 4,033 ആയി. 13.29 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി നാല് മുതല്‍ എട്ട് വരെ മുംബൈയില്‍ 86,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 68,000, ബംഗളൂരുവില്‍ 24,000, ചെന്നൈയില്‍ 17,247 എന്നിങ്ങനെയാണ് കണക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്തെ സജീവ രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കേ രാജ്യസഭ, ലോക്സഭ സെക്രട്ടേറിയറ്റുകളിലെ 400 ഓളം ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവായി. ഡല്‍ഹിയില്‍ 300-ല്‍ ഏറെ പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ് മൂന്നാം തരംഗം തുടങ്ങിയതോടെ രാജ്യത്ത് കരുതല്‍ ഡോസ് വാക്സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, 60 വയസിന് മുകളില്‍ പ്രായമായ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.