ചടങ്ങുകളില്‍ 50 പേര്‍; സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും, രാത്രികാല കര്‍ഫ്യൂ ഉണ്ടാകില്ല: പുതിയ മാര്‍ഗനിര്‍ദേശം ഇങ്ങനെ

ചടങ്ങുകളില്‍ 50 പേര്‍; സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും, രാത്രികാല കര്‍ഫ്യൂ ഉണ്ടാകില്ല: പുതിയ മാര്‍ഗനിര്‍ദേശം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് തല്‍ക്കാലം കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. കോവിഡ് വ്യാപനം മുന്‍നിര്‍ത്തി സ്‌കൂളുകള്‍ ഉടന്‍ അടയ്ക്കില്ല. സ്‌കൂളുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും. നിലവിലുള്ള ക്ലാസ് രീതികള്‍ തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

സ്‌കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത അവലോകന യോഗത്തിലേക്ക് മാറ്റി. വാരാന്ത്യ, രാത്രികാല നിയന്ത്രണങ്ങളും ഉണ്ടാകില്ല. പൊതു, സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കും. ഓഫിസുകളുടെ പ്രവര്‍ത്തനം പരമാവധി ഓണ്‍ലൈനാക്കാനും നിര്‍ദേശമുണ്ട്.

വിവാഹ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി. ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ നേരിട്ട് നടത്തുമ്പോള്‍ ശാരീരിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ എടുക്കണം. പൊതുയോഗങ്ങള്‍ ഒഴിവാക്കണമെന്നും യോഗം വ്യക്തമാക്കി.

15 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള വാക്‌സിനേഷന്‍ ഈ ആഴ്ച്ച തന്നെ പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ ഉറപ്പു വരുത്തണം. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി വാക്‌സിനേഷന്‍ നല്‍കുന്ന കാര്യം പരിശോധിക്കും. കുടുംബശ്രീ തെരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടത്താവുന്നതാണ്.

ടെലി മെഡിസിന്‍ സംവിധാനം നല്ലതുപോലെ നടപ്പാക്കണം. ഒമിക്രോണുമായി ബന്ധപ്പെട്ട് വലിയ തോതില്‍ ബോധവല്‍ക്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗനിരക്ക് ഉയരുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് യോഗം വിലയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.