ചൊവ്വാഴ്ച സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക്; അക്രമം ആസൂത്രിതമെന്ന് എസ്എഫ്ഐ

 ചൊവ്വാഴ്ച സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക്; അക്രമം ആസൂത്രിതമെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവം ആസൂത്രിതമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ്. പ്രതിഷേധ സൂചകമായി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പു മുടക്ക് സമരം നടത്തുമെന്നും എസ്.എഫ്.ഐ അറിയിച്ചു.

അതിഭീകര അക്രമമാണ് കേരളത്തിലെ ഓരോ ക്യാമ്പസുകളിലും വിവിധ ഘട്ടങ്ങളിലായി കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് എല്ലാവിധ സഹായവും ചെയ്തു കൊടുക്കുന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പുറത്തു നിന്ന് സംഘടിതമായി മാരകായുധങ്ങളുമായി ക്യാമ്പസിനകത്ത് അതിക്രമിച്ച് കയറുകയും വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും സച്ചിന്‍ ആരോപിക്കുന്നു.

കെ.എസ്.യു ഭ്രാന്ത് പിടിച്ച അക്രമിസംഘത്തെപ്പോലെ കേരളത്തിലെ ക്യാമ്പസുകളില്‍ പെരുമാറിക്കൊണ്ടിരിക്കുകയാണ്. കെ.എസ്.യുവിന്റെ അക്രമരാഷ്ട്രീയത്തിനെതിരേ അതിശക്തമായ നിലയില്‍ എസ്.എഫ്.ഐ പ്രതിഷേധം ഉയര്‍ത്തും. വിദ്യാര്‍ഥികളെയും ജനങ്ങളേയും അണിനരത്തി ക്യാമ്പസിനകത്തും പുറത്തും ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പുമുടക്ക് സമരം നടത്തി പ്രതിഷേധിക്കാന്‍ തീരുമാനിച്ചുവെന്നും സച്ചിന്‍ദേവ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.