ധീരജ് വധം: സംസ്ഥാനത്ത് പരക്കേ സംഘര്‍ഷം; ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍, പലയിടത്തും കല്ലേറ്

ധീരജ് വധം: സംസ്ഥാനത്ത് പരക്കേ സംഘര്‍ഷം; ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍, പലയിടത്തും കല്ലേറ്

കൊച്ചി: ഇടുക്കി എഞ്ചിനിയറിംഗ് കോളജിലെ  എസ്എഫ്‌ഐ വിദ്യാര്‍ഥി ധീരജ് രാജേന്ദ്രന്‍ കുത്തേറ്റു മരിച്ചതിനു പിന്നാലെ എസ്എഫ്‌ഐ, ഡിവൈഎഫ് ഐ, സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം പല ജില്ലകളിലും സംഘര്‍ഷാവസ്ഥയിലേക്കെത്തി.

പലയിടത്തും യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. മലപ്പുറത്തും പത്തനംതിട്ടയിലും കൊല്ലത്തും കോഴിക്കോട് പേരാമ്പ്രയിലും പാലക്കാട് ഒറ്റപ്പാലത്തും സംഘര്‍ഷവും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണവുമുണ്ടായി.

മലപ്പുറത്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് മേഖലാ കണ്‍വന്‍ഷനിലേക്ക് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ആദ്യം എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥയുണ്ടായതോടെ പൊലീസ് ഇടപെട്ടു. ഇതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.

പിന്നാലെ ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തി. സുധാകരനെതിരെ മുദ്രാവാക്യം വിളികളുയര്‍ന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടിച്ചെത്തി തിരികെ പിണറായി വിജയനും കോടിയേരിക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. രണ്ട് വിഭാഗവും പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷാവസ്ഥ വര്‍ധിച്ചു. പൊലീസ് ഇടപെട്ട് ഇരുവിഭാഗം പ്രവര്‍ത്തകരെയും മാറ്റി. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്.

കൊല്ലം പുനലൂരില്‍ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിലും സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ചു. ചവറയില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതിയുയര്‍ന്നു. ഇടുക്കി കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തില്‍ പങ്കെടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനം തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. പൊലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു.

പത്തനംതിട്ടയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേര്‍ക്കുനേര്‍ വന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് തടഞ്ഞു. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. എസ്എഫ്‌ഐയുടെ പ്രകടനത്തിന് ശേഷമായിരുന്നു സംഭവം. ഓഫീസിന്റെ വാതില്‍ ഗ്ലാസും ജനല്‍ചില്ലും കല്ലേറില്‍ തകര്‍ന്നു.

കണ്ണൂര്‍ തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫിസിനു നേരെ കല്ലേറുണ്ടായി. തൃച്ചംബരത്തുള്ള കോണ്‍ഗ്രസ് മന്ദിരത്തിന് നേരെയാണ് വൈകിട്ട് കല്ലേറ് നടന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെയാണ് കല്ലേറ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഓഫിസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. കൊടിമരങ്ങളും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് ബോര്‍ഡുകളും തകര്‍ത്തു.

പാലക്കാട് ഒറ്റപ്പാലത്ത് കേരള ബാങ്കിന് നേരെ കല്ലേറുണ്ടായി. ബാങ്കിന്റെ സായാഹ്ന ശാഖ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു. കല്ലെറിഞ്ഞത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ കെ സുധാകരന്റെ ചിത്രമുള്ള ബോര്‍ഡ് നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരള ബാങ്കിന് നേരെ കല്ലേറുണ്ടായത്.

എറണാകുളം മഹാരാജാസ് കോളജിലും സംഘര്‍ഷമുണ്ടായി. ഇടുക്കി കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഉച്ചകഴിഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. 12 കെഎസ്യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധീരജ് വധത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.