'മന്ത്രിയുമായി ബന്ധമുള്ള വിഐപി ദിലീപിന്റെ അടുത്തയാള്‍'; സാക്ഷികളെ സ്വാധിനിച്ചതിന്റെ തെളിവുണ്ടന്ന് ബാലചന്ദ്ര കുമാര്‍

'മന്ത്രിയുമായി ബന്ധമുള്ള വിഐപി ദിലീപിന്റെ അടുത്തയാള്‍'; സാക്ഷികളെ സ്വാധിനിച്ചതിന്റെ തെളിവുണ്ടന്ന് ബാലചന്ദ്ര കുമാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെയുള്ള തെളിവുകള്‍ വ്യാജമല്ലെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. അന്വേഷണ സംഘത്തിന് മൊഴി നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിന്റെ ഇടപെടല്‍ സംബന്ധിച്ചും സാക്ഷികളെ സ്വാധീനിക്കുന്നതടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ക്ക് പുറമെ അനുബന്ധമായി കുറച്ചധികം തെളിവുകള്‍ കൂടി അന്വേഷണ സംഘത്തിന് അദ്ദേഹം കൈമാറിയെന്നാണ് പുറത്ത വരുന്ന വിവരം.

കേസില്‍ ആറാമനെന്ന് പറയപ്പെടുന്ന വിഐപി നടന്‍ ദിലീപുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ആളാണെന്ന് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അയാള്‍ ജുഡീഷ്യറിയെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും പറയുന്നുണ്ട്. ഒരു മന്ത്രിയുടെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ചീത്ത വിളിക്കണമെന്ന് പറയുന്നുണ്ട്. ഇയാള്‍ ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണെന്നും ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നു.

പോലീസുകാരെ ഉപദ്രവിക്കാനും പള്‍സര്‍ സുനി അടക്കമുള്ളവര്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ അവരെ അപായപ്പെടുത്താന്‍ വേണ്ടിയും അദ്ദേഹം പ്ലാന്‍ ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ മേഖലകളിലും സ്വാധീനമുള്ളയാള്‍ എന്ന നിലയ്ക്കാണ് അയാളെ വിഐപി എന്ന് വിശേഷിപ്പിച്ചതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

'തെളിവുകള്‍ ഒരിക്കലും കൃത്രിമമായി ഉണ്ടാക്കിയിട്ടില്ല. പുറത്തുവന്നത് ദിലീപിന്റെ ശബ്ദമല്ലെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് കൊടുത്ത പാരാതിയിലും അദ്ദേഹം പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ അനിയന്‍ സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരി സംസാരിക്കുന്ന ശബ്ദമുണ്ട്. കാവ്യയുടെ ശബ്ദം ഉണ്ട്.

ദിലീപ് സാക്ഷികളെ സ്വാധിനിച്ചതിന്റെ തെളിവുകള്‍ ഉണ്ട്. ഇവര്‍ക്ക് എത്ര രൂപ കൊടുത്തു എങ്ങനെയാണ് ഇടപാട് നടത്തിയത് എന്നത് സംബന്ധിച്ചതിനെക്കുറിച്ചുള്ള തെളിവുകളും കൈയിലുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.