ന്യൂഡല്‍ഹി: ഒമിക്രോണിന്റെ മൂന്ന് ഉപ വകഭേദങ്ങള്‍കൂടി കണ്ടെത്തിയെന്നും വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുമെന്നും ദേശീയ സാങ്കേതികസമിതി (എന്‍.ടി.എ.ജി.ഐ.) അധ്യക്ഷന്‍ ഡോ. എന്‍.കെ. അറോറ.
ബി.എ.-1, ബി.എ.-2, ബി.എ.-3 എന്നിങ്ങനെ മൂന്ന് ഒമിക്രോണ്‍ ഉപവകഭേദങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബി.എ.-1 എന്ന ഉപവകഭേദം സ്ഥിരീകരിച്ചവരെല്ലാം വിദേശയാത്ര കഴിഞ്ഞെത്തിയവരാണ്. ഡെല്‍റ്റയെ തള്ളിക്കൊണ്ട് അതിവ്യാപനം നടത്തുകയാണ് ഈ വകഭേദം. 'എസ്-ജീന്‍' ഇല്ലാത്ത ഇത് ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലൂടെ കണ്ടെത്താനാകും.
മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും കേസുകള്‍ ഉയരാനുള്ള പ്രധാന കാരണം ബി.എ.-2 എന്ന 'സ്റ്റെല്‍ത്ത് വകഭേദം' ആണ്. കൊല്‍ക്കത്തില്‍ ജനിതക ശ്രേണീകരണ പരിശോധനയ്ക്കായി അയക്കുന്ന കോവിഡ് സാംപിളുകളില്‍ 80 ശതമാനവും സ്റ്റെല്‍ത്ത് വകഭേദമാണ്. ഇത് ആര്‍.ടി.പി.സി.ആര്‍. പരിശോധനയില്‍ കണ്ടെത്താനാകില്ല. ജനിതക ശ്രേണീകരണ പരിശോധന തന്നെ വേണം. ഇതുകണ്ടെത്തിയവരില്‍ ഒരാള്‍ പോലും വിദേശത്തുനിന്ന് എത്തിയതല്ല. ബി.എ.-3 മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ഏതാനും കേസുകളേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.
വൈറസിന് വകഭേദമുണ്ടായിക്കൊണ്ടേയിരിക്കും. ഐ.ഐ.ടി.കളുടെ സര്‍വേകള്‍ വ്യക്തമാക്കുന്നത് ഫെബ്രുവരിയില്‍ രോഗബാധിതരുടെ എണ്ണം ഉച്ചസ്ഥായിയിലെത്തുമെന്നാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക, വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക, കര്‍ഫ്യൂ ഉള്‍പ്പെടെ ഏര്‍പ്പെടുത്തി ആളകലം ഉറപ്പാക്കി രോഗവ്യാപനം തടയുക എന്നീ മാര്‍ഗങ്ങളിലൂടെ മാത്രമേ രോഗികളുടെ എണ്ണം കുറയ്ക്കാനാവൂ എന്നും ഡോ.അറോറ പറഞ്ഞു.
ഇതിനിടെ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആന്റിവൈറല്‍ മരുന്നായ മോള്‍നുപിരാവിറിനെ കോവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍നിന്ന് ഒഴിവാക്കിയേക്കും. പാര്‍ശ്വഫലങ്ങള്‍ ഏറെയുള്ള മരുന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അടിയന്തര ഉപയോഗാനുമതി നല്‍കിയതിന് രൂക്ഷ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന ഐ.സി.എം.ആര്‍. വിദഗ്ധസമിതി യോഗത്തിലാണ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.