യുപിയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; യോഗിയെ ഞെട്ടിച്ച് ഒരു കാബിനറ്റ് മന്ത്രി കൂടി രാജിവെച്ചു

യുപിയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; യോഗിയെ ഞെട്ടിച്ച് ഒരു കാബിനറ്റ് മന്ത്രി കൂടി രാജിവെച്ചു

ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ ഉത്തര്‍പ്രദേശില്‍ ബിജെപിയെ ഞെട്ടിച്ച് ഒരു മന്ത്രി കൂടി രാജിവച്ചു. വനം പരിസ്ഥിതി മന്ത്രിയും മുതിര്‍ന്ന നേതാവുമായ ദാരാ സിങ് ചൗഹാന്‍ ആണ് രാജിവച്ചത്. ഇതോടെ രണ്ടു ദിവസത്തിനിടെ രാജിവച്ച എംഎല്‍എമാരുടെ എണ്ണം ആറായി. ദാരാ സിങ് സമാജ്വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന.

ദളിതുകളുടെയും പിന്നാക്ക സമുദായത്തിന്റെയും പിന്തുണയോടെ അധികാരത്തില്‍ വന്ന ബിജെപി അവരെ തീര്‍ത്തും അവഗണിക്കുകയായിരുന്നെന്ന് രാജിവച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ദാരാ സിങ് ചൗഹാന്‍ പറഞ്ഞു. ഭാവി പരിപാടികള്‍ അണികളുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മധുഭന്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ ധാരാസിങ് ചൗഹാന്‍ നേരത്തെ ബിഎസ്പി അംഗമായിരുന്നു. 2015 ലാണ് ബിജെപിപിയിലെത്തിയത്. ബിജെപി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ധാരാ സിങ് ചൗഹാനെ അമിത് ഷാ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു.

മന്ത്രി സ്വാമി പ്രസാദ് മൗര്യ, തിഹാര്‍ എംഎല്‍എ റോഷന്‍ ലാല്‍ വെര്‍മ, ബില്‍ഹര്‍ എംഎല്‍എ ഭഗവതി പ്രദാസ് സാഗര്‍, തിംദ്വാരി എംല്‍എ ബ്രജേഷ് പ്രജാപതി എന്നിവര്‍ ഇന്നലെ പാര്‍ട്ടി വിട്ടിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന പരാതികളില്‍ നടപടിയാകാതെ വന്നതോടെയാണ് ബിജെപി വിട്ടതെന്ന് റോഷന്‍ ലാല്‍ പറഞ്ഞു.

എസ്പിയിലെത്തിയ സ്വാമി പ്രസാദ് മൗര്യയെ സ്വാഗതം ചെയ്യുന്നതായി അഖിലേഷ് യാദവ് പറഞ്ഞു. തനിക്കൊപ്പം നില്‍ക്കുന്ന സ്വാമി പ്രസാദിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

യോഗി ആദിത്യനാഥ് സര്‍ക്കാരിലെ തൊഴില്‍ മന്ത്രി ആയിരുന്നു സ്വാമി പ്രസാദ് മൗര്യ. സര്‍ക്കാര്‍ ഒബിസി വിഭാഗക്കാരെയും ദളിതരെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചു. ബിഎസ്പി നേതാവായിരുന്ന മൗര്യ 2017 ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ബിജെപിയില്‍ ചേര്‍ന്നത്. മൗര്യയുടെ മകള്‍ ബദായൂമില്‍നിന്നുള്ള ബിജെപി എംപിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.