'ഭൂമി ഇല്ലാതാകും... പിന്നാലെ സൂര്യനും': നിര്‍ണായക വെളിപ്പെടുത്തലുമായി നിയുക്ത ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്

'ഭൂമി ഇല്ലാതാകും... പിന്നാലെ സൂര്യനും': നിര്‍ണായക വെളിപ്പെടുത്തലുമായി നിയുക്ത ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്

കൊച്ചി: തീര്‍ച്ചയായും ഭൂമി അവസാനിക്കുമെന്ന് നിയുക്ത ഐഎസ്ആര്‍ഒ ചെയര്‍മാനും മലയാളിയുമായ എസ്.സോമനാഥ്. കാരണം സൂര്യന്‍ അവസാനിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

സൂര്യന്റെ ആയുസ് 15 ബില്യണ്‍ വര്‍ഷമാണ്. സൂര്യന്റെ ഇനി ബാക്കിയുള്ള ആയുസ് കണക്കാക്കിയാല്‍ നാല് ബില്യണ്‍ വര്‍ഷം കൂടിയുണ്ട്. നാല് ബില്യണ്‍ എന്നു പറഞ്ഞാല്‍ വളരെ വലുതാണെങ്കിലും അതിന് മുമ്പു തന്നെ ഭൂമി ഇല്ലാതാകും.

കാരണം ഇന്ധനം കത്തി തീരുന്നതോടു കൂടി സൂര്യന്റെ വലിപ്പം വര്‍ധിക്കും. വലിപ്പം കൂടിക്കൂടി അത് ഭൂമിയുടെ ഭ്രമണപഥത്തിന്റെ അത്രയും വലുതാകും. അതിനുമപ്പുറം കടന്നു പോകും. ഭൂമി സൂര്യന്റെ ഉള്ളിലാകും. ആ സമയത്ത് ഭൂമിയും മറ്റ് ഉപഗ്രഹങ്ങളുമെല്ലാം ഇല്ലാതാകുമെന്നും സോമനാഥ് പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭൂമി ഉണ്ടായതു മുതലുള്ള ചോദ്യമാണ് അത് എന്ന് അവസാനിക്കുമെന്നത്. ഭൂമിയുടെ അവസാനവുമായി ബന്ധപ്പെട്ട് പലരും പല പ്രതികരണങ്ങളും ഇതിനോടകം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശാസ്ത്രീയമായ ഒരു ഉത്തരം നല്‍കുകയാണ് വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വി.എസ്.എസ്.സി) ഡയറക്ടറും നിയുക്ത ഐഎസ്ആര്‍ഒ ചെയര്‍മാനുമായ എസ് സോമനാഥ്.

ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് നേരത്തേ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ (എല്‍പിഎസ്സി) മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 ലാണ് വിഎസ്എസ്സി ഡയറക്ടര്‍ ആയത്. ജിഎസ്എല്‍വി മാര്‍ക്ക് 3 ഉള്‍പ്പെടെയുള്ള വിക്ഷേപണ വാഹനങ്ങള്‍ക്ക് രൂപം നല്‍കിയത് സോമനാഥിന്റെ നേതൃത്വത്തിലാണ്.

ശാസ്ത്ര രംഗത്തെ നിരീക്ഷണ പാടവവും പ്രവര്‍ത്തന മികവുമാണ് അദ്ദേഹത്തെ ഐഎസ്ആര്‍ഒയുടെ പുതിയ അമരക്കാരനാക്കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.