അനുദിന വിശുദ്ധര്‍ - ജനുവരി 13
അക്വിറ്റെയിനിലെ പോയിറ്റിയേഴ്സ് എന്ന സ്ഥലത്ത് എ.ഡി 315 ലാണ് തിരുസഭയുടെ മഹാ വേദപാരംഗതന്‍ എന്നറിയപ്പെടുന്ന ഹിലരി ജനിച്ചത്. അക്രൈസ്തവനായിരുന്ന ഹിലരി മധ്യ വയസിലെത്തിയപ്പോഴാണ് ക്രിസ്തുമതം സ്വീകരിച്ചത്. അവിചാരിതമായി വിശുദ്ധ ബൈബിള്‍ വായിക്കാന്‍ ഇടയായ അദ്ദേഹത്തിന് വിശുദ്ധ ഗ്രന്ഥത്തിലെ സത്യ വചനങ്ങള്‍ ദൈവത്തെ കാട്ടിക്കൊടുത്തു.
ഉടന്‍ തന്നെ ക്രൈസ്തവ മതം സ്വീകരിച്ച അദ്ദേഹം താമസിയാതെ ഭാര്യയേയും മക്കളേയും ക്രിസ്തു മതത്തിലേക്കു ചേര്‍ത്തു. പിന്നീട് തിരുപ്പട്ടം സ്വീകരിച്ച് വൈദികനായി. 353 ല്‍ അദ്ദേഹത്തെ സ്വദേശത്തെ മെത്രാനായി നിയമിച്ചു.
കോണ്‍സ്റ്റാന്‍സിയൂസ് ചക്രവര്‍ത്തിയുടെ പിന്തുണയോടെ ആര്യന്‍ പാഷണ്ഡത തഴച്ചു വളര്‍ന്ന കാലഘട്ടമായിരുന്നു അത്.
സംഖ്യാ ബലത്തില്‍ അധികമായിരുന്ന അവരുടെ നുഴഞ്ഞു കയറ്റത്തെ തടയാന്‍ പല പ്രാദേശിക സൂനഹദോസുകളില്‍ ഹിലരി പങ്കെടുത്തു.
ആര്യന്‍ പാഷണ്ഡികളെ ശക്തമായി എതിര്‍ത്തിരുന്നതിനാല്‍ അവര്‍ ചക്രവര്‍ത്തിയുടെ മുമ്പാകെ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തുകയും പ്രീജിയായിലേക്കു നാടുകടത്തുകയും ചെയ്തു. ഈ കാലത്താണ് ഹിലരി പരിശുദ്ധ ത്രീത്വത്തെക്കുറിച്ചുള്ള മഹാഗ്രന്ഥം രചിച്ചത്. കത്തോലിക്കരും ആര്യന്‍ പാഷണ്ഡികളും തമ്മില്‍ മേധാവിത്വത്തിനായി സമരം ചെയ്ത 359 ലെ സെലൂക്യാ സൂനഹദോസില്‍ പങ്കെടുത്ത വിശുദ്ധന്‍ ആര്യന്‍ പാഷണ്ഡികളെ പരാജയപ്പെടുത്തി.
പിന്നീട് വിശുദ്ധന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍, ഇലി, ഇല്ലീരിയാ മുതലായ പ്രദേശങ്ങളില്‍ ചുറ്റി സഞ്ചരിച്ച് പാഷണ്ഡതകള്‍ക്കെതിരെ പ്രസംഗിക്കുകയും കത്തോലിക്കാ വിശ്വാസത്തിലേക്ക് നിരവധി പേരെ ആനയിക്കുകയും ചെയ്തു. ഏതു പ്രവൃത്തിയും ദൈവസ്തുതി ചൊല്ലി ആരംഭിച്ചിരുന്ന വിശുദ്ധന്‍ ദൈവിക കാര്യങ്ങളെപ്പറ്റി രാപകല്‍ ധ്യാനിച്ചും പ്രാര്‍ത്ഥിച്ചുമാണ് ജീവിച്ചിരുന്നത്. എട്ടു കൊല്ലത്തെ പ്രേഷിതവൃത്തിക്കു ശേഷം തിരികെ പോയിറ്റിയേഴ്സിലെത്തിയ വിശുദ്ധന്‍ 363 ല്‍ മരണമടഞ്ഞു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ക്ലൂണി മഠാംഗമായിരുന്ന ബെര്‍ണോ
2. ട്രെവെസിലെ ബിഷപ്പായിരുന്ന അഗ്രേസിയൂസ്
3. ആലത്തിലെ ബിഷപ്പായിരുന്ന എനൊഗാത്തൂസ്
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26