കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; സിപിഎമ്മിന്റെ മെഗാ തിരുവാതിരയ്ക്കെതിരേ കേസ്

 കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; സിപിഎമ്മിന്റെ മെഗാ തിരുവാതിരയ്ക്കെതിരേ കേസ്

തിരുവനന്തപുരം: സിപിഎം സമ്മേളനത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര വിവാദത്തില്‍. സിപിഎം സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തു. പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരം ജില്ലാ പഞ്ചായത്തംഗം സലൂജ ഉള്‍പ്പടെ കണ്ടലറിയാവുന്ന 550 പേര്‍ക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്.

മെഗാ തിരുവാതിരയ്ക്കെതിരേ കോണ്‍ഗ്രസാണ് പൊലിസില്‍ പരാതി നല്‍കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് ഡിസിസി വൈസ് പ്രസിഡന്റ് എം മുനീര്‍ ആണ് പരാതി നല്‍കിയത്. സിപിഎമ്മിന്റെ മെഗാ തിരുവാതിരയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനമയുര്‍ന്നതിനു പിന്നാലെയാണ് പരാതി നല്‍കിയത്.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ 550-ലേറെ പേരാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ പൊതു പരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന സര്‍ക്കാര്‍ നിയന്ത്രണം നിലനില്‍ക്കേയാണ് ഇത്രയധികം പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര നടന്നത്.

ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാറശാലയിലെ ചെറുവാരക്കോണം സിഎസ്ഐ പള്ളി മൈതാനത്തായിരുന്നു പരിപാടി. ജില്ലാ പഞ്ചായത്ത് അംഗം സലൂജയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍.രതീന്ദ്രന്‍, പുത്തന്‍കട വിജയന്‍ എന്നിവര്‍ അടക്കമുള്ള നേതാക്കളും പരിപാടിക്ക് പങ്കെടുത്തിരുന്നു.

ഓരോ ലോക്കല്‍ കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് തിരുവാതിരയുടെ പരിശീലനം കഴിഞ്ഞ ഒരാഴ്ചയായി നടന്നു വരികയായിരുന്നു. ജില്ലാ സമ്മേളനവും സമ്മേളന നഗരിയായ പാറശാലയും സംസ്ഥാന സര്‍ക്കാരിന്റെ വിജയങ്ങളും വിഷയമാക്കിയായിരുന്നു തിരുവാതിര ഗാനം. മരണാനന്തര, വിവാഹ ചടങ്ങുകളില്‍ 50 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളുവെന്ന ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് 550 പേര്‍ അണിനിരന്ന തിരുവാതിര. എന്നാല്‍ സംഭവത്തിനെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.