മെഗാ തിരുവാതിരയില്‍ വിശദീകരണം തേടി സിപിഎം സംസ്ഥാന നേതൃത്വം; വീഴ്ച പറ്റിയെന്ന് ജില്ലാ നേതാക്കള്‍

മെഗാ തിരുവാതിരയില്‍ വിശദീകരണം തേടി സിപിഎം സംസ്ഥാന നേതൃത്വം; വീഴ്ച പറ്റിയെന്ന് ജില്ലാ നേതാക്കള്‍

തിരുവനന്തപുരം: പാറശാലയില്‍ നടന്ന മെഗാ തിരുവാതിര വിവാദമായതോടെ ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി സിപിഎം സംസ്ഥാന നേതൃത്വം. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് പാറശാലയില്‍ മെഗാ തിരുവാതിര സംഘടിപ്പിച്ചത്.

ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്‍പ് ഇത്തരത്തിലൊരു പരിപാടി നടത്തിയത് തെറ്റായിപ്പോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ അഞ്ഞൂറിലധികം വനിതകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരുവാതിര നടത്താന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രി വി.ശിവന്‍കുട്ടിയും വിമര്‍ശിച്ചു. അശ്രദ്ധ ഉണ്ടായെന്നും തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവാതിര നടത്തിയത് തെറ്റായിപ്പോയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. പരിപാടി മാറ്റിവയ്ക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും തയ്യാറായി വന്നപ്പോള്‍ പരിപാടി മാറ്റിവയ്ക്കാന്‍ പറയാന്‍ സാധിച്ചില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ കൂട്ടിച്ചേര്‍ത്തു.

പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി നടന്നത്. ബേബി പരിപാടി ആസ്വദിക്കുകയല്ലാതെ എതിര്‍ത്തില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ നിന്ന് ആക്ഷേപം ഉയരുന്നുണ്ട്. അതിനിടെ സംഭവത്തില്‍ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.