മരണക്കിടക്കയിലും മക്കള്‍ തിരിഞ്ഞു നോക്കിയില്ല; അവസാനം ആ അമ്മ ഇന്നലെ രാത്രി യായ്രയായി

 മരണക്കിടക്കയിലും മക്കള്‍ തിരിഞ്ഞു നോക്കിയില്ല; അവസാനം ആ അമ്മ ഇന്നലെ രാത്രി യായ്രയായി

ഹരിപ്പാട്: മക്കള്‍ കൈയൊഴിഞ്ഞ അമ്മ ആര്‍.ഡി.ഒ.യുടെ സംരക്ഷണയില്‍ ചികിത്സയിലിരിക്കെ മരിച്ചു. വാത്തുകുളങ്ങര രാജലക്ഷ്മിഭവനില്‍ സരസമ്മ (74) ഹരിപ്പാട് ഗവ. ആശുപത്രിയില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണു മരിച്ചത്. മൂന്ന് ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമാണ് സരസമ്മയ്ക്കുള്ളത്. ആരും സംരക്ഷിക്കാന്‍ തയ്യാറാകാത്തതിനാല്‍ ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ. ഇടപെട്ടാണ് ഹരിപ്പാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മരണശേഷം മക്കള്‍ ആശുപത്രിയിലെത്തിയെങ്കിലും മൃതദേഹം വിട്ടുകൊടുക്കുന്നതില്‍ തീരുമാനമായിട്ടില്ല. ആര്‍.ഡി.ഒ.യുടെ ഉത്തരവിനു വിധേയമായെ മൃതദേഹം മക്കള്‍ക്കു വിട്ടുകൊടുക്കുകയുള്ളുവെന്ന് ഹരിപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിജു വി. നായര്‍ പറഞ്ഞു. അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുമ്പോഴും മക്കളെ കാണാന്‍ സരസമ്മ ആഗ്രഹം പറഞ്ഞിരുന്നു. വിവരം അറിയിച്ചിട്ടും ആരും വന്നില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ആരോഗ്യവകുപ്പില്‍നിന്ന് നഴ്‌സിങ് അസിസ്റ്റന്റായി വിരമിച്ച സരസമ്മ രോഗങ്ങളാല്‍ കഷ്ടപ്പെടുകയായിരുന്നു. ഒരുമാസം മുന്‍പ് ഒരു മകള്‍ സരസമ്മയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കടന്നുകളഞ്ഞെന്നും പൊലീസ് പറയുന്നു. ഇതേത്തുടര്‍ന്നു സംഭവം ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ.യെ അറിയിച്ചു.

മക്കളെ വിളിച്ചുവരുത്താന്‍ ആര്‍.ഡി.ഒ ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. തുടര്‍ന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ബുധനാഴ്ച രണ്ടുമക്കളെ അറസ്റ്റുചെയ്ത് ആര്‍.ഡി.ഒ കോടതിയില്‍ ഹാജരാക്കി. അമ്മയെ നോക്കാന്‍ തയ്യാറകണമെന്ന വ്യവസ്ഥയോടെയാണ് ആര്‍.ഡി.ഒ. ഇവരെ ജാമ്യത്തില്‍ വിട്ടത്. ഇതിനു പിന്നാലെയാണു സരസമ്മ മരിച്ചത്.

സരസമ്മയുടെ ആണ്‍മക്കള്‍ കരുനാഗപ്പള്ളിയിലും ഹരിപ്പാട്ടും അമ്പലപ്പുഴയിലുമായാണു താമസിക്കുന്നത്. എല്ലാവരും നല്ല നിലയിലാണ്. പെണ്‍മക്കളില്‍ ഒരാള്‍ വീയപുരത്താണ്. മൂത്തമകള്‍ക്കാണു കുടുംബത്തിന്റെ പേരിലുണ്ടായിരുന്ന സ്ഥലം നല്‍കിയിരിക്കുന്നത്. ഇവിടെ വീടുപണിയായതിനാല്‍ മകള്‍ വാടകവീട്ടിലാണ് താമസം. അടുത്തിടെ ഈ വീട്ടില്‍ അഭയം തേടിയെങ്കിലും തനിക്കു മാത്രമായി സംരക്ഷിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചതെന്ന് പൊലീസ് പറയുന്നു. ഒരുവര്‍ഷം മുന്‍പാണു ഭര്‍ത്താവ് മാധവന്‍നായര്‍ മരിച്ചത്. ഇതോടെയാണ് സംരക്ഷണം തേടി ഇവര്‍ ഓരോ മക്കളെയും സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.