'പദ്ധതിച്ചെലവ് കൂടും, 79,000 പ്രതിദിന യാത്രക്കാര്‍ എന്നത് ശുഭാപ്തി വിശ്വാസം മാത്രം; കടം കേരളം തന്നെ വീട്ടണം': കേന്ദ്രം

'പദ്ധതിച്ചെലവ് കൂടും, 79,000 പ്രതിദിന യാത്രക്കാര്‍ എന്നത് ശുഭാപ്തി വിശ്വാസം മാത്രം; കടം കേരളം തന്നെ വീട്ടണം': കേന്ദ്രം

ന്യൂഡല്‍ഹി: കേരളം നല്‍കിയ കണക്കില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ചിലവ് ഒതുങ്ങില്ലെന്ന് കേന്ദ്രം. 79,000 പ്രതിദിന യാത്രക്കാര്‍ എന്ന അനുമാനം ശുഭാപ്തി വിശ്വാസം മാത്രമെന്നും കെ റെയില്‍ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ റെയില്‍വേ അഭിപ്രായപ്പെട്ടു. എടുക്കുന്ന കടം പൂര്‍ണമായും സംസ്ഥാനം തന്നെ വീട്ടുമെന്ന് ഉറപ്പാക്കണമെന്നും റെയില്‍വേ അധികൃതര്‍ ആവശ്യപ്പെട്ടു.

പദ്ധതിയുടെ കാര്യത്തില്‍ കുറെ പുരോഗതിയുണ്ടെന്ന് മുന്‍ ചെയര്‍മാന്‍ സുനീത് ശര്‍മ്മ പറഞ്ഞതായി യോഗ മിനുട്‌സിലുണ്ട്. എന്നാല്‍ പദ്ധതി ചിലവ്, യാത്രക്കാരുടെ എണ്ണം, കടമെടുക്കുന്നതിന്റെ വഴി, കേന്ദ്ര സഹായം എന്നിവയില്‍ ധാരണയില്ലെന്ന് മിനുട്‌സ് വ്യക്തമാക്കുന്നു. 63,000 കോടിയിലധികം ചിലവ് വരും എന്ന കേരളത്തിന്റെ കണക്ക് റെയില്‍വേ ബോര്‍ഡ് ഫിനാന്‍സ് മെമ്പര്‍ യോഗത്തില്‍ ചോദ്യം ചെയ്തു.

2020 മാര്‍ച്ചിലെ സാഹചര്യം അനുസരിച്ചാണ് ഇത് കണക്കാക്കിയത്. യഥാര്‍ത്ഥ ചിലവ് എന്താകും എന്നത് പുതുക്കി നിശ്ചയിക്കണം എന്ന് റെയില്‍വേ നിര്‍ദ്ദേശിച്ചു. 79,000 യാത്രക്കാര്‍ ഒരു ദിവസം ഉണ്ടാകും എന്നത് ശുഭാപ്തി വിശ്വാസമാണ്. യാഥാര്‍ത്ഥ്യ ബോധത്തോടെ ഇക്കാര്യം പഠിക്കണം.

റെയില്‍വേയുടെ യാത്രക്കാരെ പ്രതീക്ഷിക്കുന്നു എന്ന് കേരളം പറയുമ്പോള്‍ റെയില്‍വേയുടെ വരുമാനത്തെ അതെത്ര ബാധിക്കും എന്ന പരിശോധനയും വേണം. റെയില്‍വേയ്ക്ക് ധനസഹായം നല്‍കാനാവില്ല. ഭൂമി നല്‍കാനേ കഴിയൂ എന്ന് കേന്ദ്രം വ്യക്തമാക്കി.

റെയില്‍വേ ആകെ 2150 കോടിയുടെ നിക്ഷേപം നടത്തിയാല്‍ മതിയെന്നും ഇത് ഫണ്ടിംഗ് ഏജന്‍സികളുടെയും സ്വകാര്യ കമ്പനികളുടെയും ആത്മവിശ്വാസം കൂട്ടുമെന്നും ചീഫ് സെക്രട്ടറി യോഗത്തില്‍ പറഞ്ഞതായും മിനിട്‌സിലുണ്ട്. റെയില്‍വേയുടെ സംശയങ്ങള്‍ക്ക് ഓരോന്നിനും കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്നാണ് കെ റെയില്‍ ഉദ്യോഗസ്ഥരുടെ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.