കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം; അടിസ്ഥാന ശമ്പളം 23,000 രൂപ, ഡ്രൈവര്‍മാര്‍ക്ക് അധിക ആനുകൂല്യം

കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം; അടിസ്ഥാന ശമ്പളം 23,000 രൂപ, ഡ്രൈവര്‍മാര്‍ക്ക് അധിക ആനുകൂല്യം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍. അടിസ്ഥാന ശമ്പളം 23,000 രൂപയാക്കി. ഡ്രൈവര്‍മാര്‍ക്ക് അധിക ആനുകൂല്യം ലഭിക്കും. ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക സൃഷ്ടിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ശമ്പള പരിഷ്‌കരണത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പള പരിഷ്‌കരണത്തിന്റെ ചുവടു പിടിച്ചാണ് കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം. ജീവനക്കാര്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിയതായും അദ്ദേഹം പറഞ്ഞു.

പതിനൊന്നാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്ത കുറഞ്ഞ അടിസ്ഥാന ശമ്പളമായ 23,000 രൂപ കെ.എസ്.ആര്‍.ടി.സിയിലും നടപ്പാക്കും. പതിനൊന്ന് ശമ്പള സ്‌കെയിലുണ്ടാകും. 8,730 രൂപയില്‍നിന്ന് 23,000 രൂപയായി കുറഞ്ഞ അടിസ്ഥാന ശമ്പളം ഉയര്‍ത്തുന്നതോടെ സാമ്പത്തിക ബാധ്യത ഉയരും. അടിസ്ഥാന ശമ്പളത്തിന്റെ 137 ശതമാനം ഡി.എയില്‍ ലയിപ്പിക്കും. കുറഞ്ഞ എച്ച്.ആര്‍.എ 1,200 രൂപയും കൂടിയത് 5,000 രൂപയുമാകും. ശമ്പള പരിഷ്‌കരണത്തിന് 2021 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യമുണ്ടായിരിക്കും. എന്നാല്‍ ജൂണിന് ശേഷം വിരമിച്ചവര്‍ക്ക് മാത്രം സാമ്പത്തിക നില മെച്ചപ്പെടുമ്പോള്‍ കുടിശിക നല്‍കും. ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം നടപ്പാക്കുന്നത് 2022 ജനുവരി മുതലാണ്.

ശമ്പള പരിഷ്‌കരണം അംഗീകരിച്ചതോടെ കെ സ്വിഫ്റ്റിന് എതിരായ പിടിവാശി ജീവനക്കാര്‍ ഉപേക്ഷിച്ചു. കെ സ്വിഫ്റ്റ് ഇടതുമുന്നണി നയം ആയതിനാല്‍ അത് നടപ്പാക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ശമ്പള പരിഷ്‌കരണം ഉണ്ടാക്കുന്ന ബാധ്യത പിന്നീട് കണക്കാക്കും. മാസങ്ങളായി നീണ്ടു നില്‍ക്കുന്ന കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പരിഷ്‌കരണ തര്‍ക്കങ്ങള്‍ക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായ ശമ്പള പരിഷ്‌കരണം നടപ്പാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

പുതുക്കിയ ശമ്പള പരിഷ്‌കരണം സര്‍ക്കാര്‍ ഉത്തരവായി ഇറക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ഡിസംബറില്‍ അറിയിച്ചിരുന്നു. ജീവനക്കാര്‍ക്ക് 2022 ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം പുതിയ അനുകൂല്യവും ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.