ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുളള മത്സരം ആവേശമുറ്റിനിന്ന മത്സരമാണെന്ന് പറയാം.എങ്കില്‍ പോലും കഴിഞ്ഞ കുറച്ച് മത്സരങ്ങള്‍ ജയിച്ചു നില്‍ക്കുന്ന ഒരു ടീമിന്‍റെ ആത്മവിശ്വാസവും ഊർജ്ജവും സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തുണയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരം പകുതി വിജയിച്ചു.
അതില്‍ പ്രധാനം ദുബായ് അബുദബി സ്റ്റേഡിയങ്ങളില്‍ മഞ്ഞുവീഴ്ച ഉണ്ടായിരുന്നത് രണ്ടാമത് ബാറ്റുചെയ്യുന്ന സ്പിന്നിനെ കൂടുതല്‍ ആശ്രയിക്കുന്ന ടീമുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് കഴിഞ്ഞ ചില മത്സരങ്ങളില്‍ നിന്നും മനസിലായിരുന്നു. അത്തരത്തില്‍ ടോസ് ലഭിക്കുന്ന ടീം ആദ്യം ബൗള്‍ ചെയ്യുന്നതും ഒരു ചെറിയ ടോട്ടലിലേക്ക് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനെ ഒതുക്കുന്നതും കണ്ടതാണ്. പ്രത്യേകിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടൂർണമെന്‍റിന്‍റെ ഏതാണ്ട് പകുതി സമയം മുതല്‍ തന്നെ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയും അത്തരത്തില്‍ കളി രീതി മാറ്റുകയും ചെയ്തിട്ടുണ്ട്.
ആറോ ഏഴോ എട്ടോ റണ്‍സെടുക്കാന്‍ അധികം ബുദ്ധിമുട്ടില്ലാത്ത ബൗളിംഗ്,എന്നാല്‍ വലിയൊരു ടോട്ടലിലേക്ക് പോകുമ്പോള്‍ കൃത്യമായ സമ്മർദ്ദം ബാറ്റിംഗ് ടീമിന് മേല്‍ കൊടുക്കാന്‍ കഴിയുന്ന ബൗളിംഗ് ലൈനപ്പായി മാറിയിട്ടുണ്ട് സണ്‍റൈസേഴ്സിന്‍റേത്. സന്ദീപ് ശർമ്മയുടെ ബൗളിംഗാവട്ടെ, നടരാജന്‍റെ യോർക്കറുകളാവട്ടെ ആദ്യം ബൗള്‍ ചെയ്യുമ്പോഴാണ് ഏറ്റവും നന്നായി വരാറുളളത്. ഒരു ടോട്ടല്‍ ഡിഫന്‍റ് ചെയ്യുന്ന സമയത്ത് റാഷിദ് ഖാന്‍ ഒഴികെയുളളവർക്ക് എത്രത്തോളം സമ്മർദ്ദം ചെലുത്താന്‍ സാധിക്കുമെന്നുളള സംശയമുണ്ടായിരുന്നു അതുകൊണ്ടുതന്നെ ടോസായിരുന്നു ഈ മത്സരത്തിലെ ഏറ്റവും നിർണായക ഘടകമെന്ന് നിസ്സംശയം പറയാം. ഈ സീസണില്‍ ഇതുവരെ മറ്റൊരു ടീമും തുടർച്ചയായ രണ്ട് മത്സരങ്ങള്‍ക്കിടയില്‍ നാല് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടായിരുന്നില്ല.
മാറ്റങ്ങള്‍ വരുത്തിയ ടീം രാജസ്ഥാന്‍ റോയല്‍സായിരുന്നു. ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്സിനെ സംബന്ധിച്ചിടത്തോളം നിർണായക മത്സരത്തില്‍ പരുക്കേറ്റ് ക്രിസ് മോറിസ് മാറിയത് വലിയ തിരിച്ചടിയായി. അതു കൂടാതെ തന്നെ മൂന്ന് മാറ്റങ്ങള്‍ വരുത്തി. മധ്യനിരയ്ക്ക് കരുത്തേകാന്‍ ആരണ്‍ ഫിഞ്ചിനെ കൊണ്ടുവന്നു. ജോഷ് ഫിലിപ്പിനെ പുറത്തിരുത്തി. അങ്ങനെ വന്നപ്പോള്‍ ഉണ്ടായ പ്രധാനമാറ്റം വിരാട് കോലി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നുളളതാണ്. എന്നാല്‍ ജെയ്സണ്‍ ഹോള്ഡറുടെ നിരുപദ്രവമെന്ന് തോന്നിച്ച പന്തില്‍ വിരാട് കോലി പുറത്തായതോടെ മത്സരത്തിന്‍റെ ഗതി നിർണയിക്കപ്പെട്ടു. വിരാട് കോലിയിലും എബി ഡിവില്ലേഴ്സിലും അമിതമായി ആശ്രയിക്കുന്ന രീതി അവർക്ക് വിട്ടുമാറാത്ത ശാപമായി തീരുകയാണ്. ഈ രണ്ടുപേരുടേയും വിക്കറ്റ് വീണാല്‍ പിന്നെ ആരുമില്ലടീമിലെന്നുളള രീതിയിലേക്ക് കളിരീതി മാറുന്നു. ഒരു പക്ഷെ മുംബൈ ഇന്ത്യന്‍സിനെ പോലെ അണ്‍ക്യാപ്ഡ് താരങ്ങളുടെ നല്ല പ്രകടമില്ലാത്തത് അവർക്ക് തിരിച്ചടിയായി. ശിവം മാവിക്ക് കൂടുതല്‍ അവസരങ്ങള്‍ കിട്ടിയിട്ടും തിളങ്ങാന്‍ കഴിഞ്ഞില്ല. ദേവ് ദത്ത് പടിക്കല്‍ തുടക്കത്തില്‍ പുറത്തായതും വിനയായി. ചുരുക്കത്തില്‍ സമ്മർദ്ദം അതിജീവിക്കുകയെന്നുളളത് കഴിയാതെ പോയി.
അതേസമയം നാല് സ്പിന്നേഴ്സിനെ , രണ്ട് ലെഗ് സ്പിന്നേഴ്സിനെയും രണ്ട് ഓഫ് സ്പിന്നേഴ്സിനെയും ഉള്‍പ്പെടുത്തിയ ബാംഗ്ലൂരിനേറ്റ വലിയ തിരിച്ചടിയാണ് രണ്ടാമത് ബൗള്‍ ചെയ്യേണ്ടി വന്നത്. മഞ്ഞുളള സാഹചര്യത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സ്പിന്നേഴ്സിന് സാധിക്കില്ല. വിക്കറ്റില്‍ നിന്ന് പന്ത് ആദ്യം കുത്തി തിരിയുകയും ഗ്രിപ്പ് ചെയ്യാനുളള ബുദ്ധിമുട്ടുമൊക്കെ സ്വഭാവികമായും ഉണ്ടായിരുന്നു. എങ്കില്‍ പോലും വിരാട് കോലി നിർണായക ഘട്ടങ്ങളില്‍ സുരക്ഷിതമായ രീതിയില്‍ തീരുമാനങ്ങളെടുക്കുന്ന ക്യാപ്റ്റനായി മാറുന്നു. അതായിരിക്കാം രോഹിത് ശർമയില്‍ നിന്നും മഹേന്ദ്രസിംഗ് ധോനിയില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. സണ്‍റൈസേഴ്സിനെതിരെ സാഹയുടെ അസാന്നിദ്ധ്യത്തില്‍ തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കില്‍ പോലും ശക്തമായി തിരിച്ചുവരാന്‍ സണ്‍റൈസേഴ്സിന് സാധിച്ചു. അതിന് സഹായകരമായത് കെയ്ന്‍ വില്ല്യംസണ്‍, ജെയ്സണ്‍ ഹോള്ഡർഎന്നിവരുടെ സാന്നിദ്ധ്യമാണ്.
ജെയ്സണ്‍ ഹോള്ഡറുടെ പ്രകടനം മാനസികമായ വലിയ ധൈര്യം ടീമിന് നല്കിയെന്നുളളതാണ്.അതേസമയം നാലുവിക്കറ്റുകള്‍ പോയ സമയത്ത് ഒരു വിക്കറ്റുകൂടി പോയിരുന്നുവെങ്കില്‍ ഒരു സമ്മർദ്ദം മത്സരത്തിനുണ്ടാവുമായിരുന്നു. രണ്ട് ലെഗ് സ്പിന്നേഴ്സ് എറിഞ്ഞാണ് ഈ മത്സരം തിരിച്ചുപിടിച്ചത്.മോയിന്‍ അലിയെ കളിപ്പിച്ചുവെങ്കിലും അദ്ദേഹത്തെ യാതൊരു തരത്തിലും ഉപയോഗിക്കാനുളള ഒരു ധൈര്യം വിരാട് കോലി കാണിച്ചില്ല. വാഷിംഗ്ടണ്‍ സുന്ദറിനെ സിക്സർ പറത്തിയപ്പോള്‍ മോയിന്‍ അലിയെ കൊണ്ടുകൂടി ഇനി പന്തെറിയേണ്ടെന്ന് തീരുമാനിക്കുന്ന വിരാട് കോലി ക്യാപ്റ്റനെന്ന നിലയില്‍ കുറച്ചുകൂടി സാഹസികമായ തീരുമാനങ്ങള്‍ എടുക്കുന്ന രീതിയില്‍ മാറേണ്ടതുണ്ടെന്ന് മനസിലാക്കി തരുന്ന മറ്റൊരു ഐപിഎല്‍ സീസണായി ഇത്.
സോണി ചെറുവത്തൂർ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.