കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് മുതല്‍ ജനുവരി പതിനെട്ട് വരെ തമിഴ്‌നാട്ടിലെ ആരാധനാലയങ്ങളില്‍ പ്രവേശനമില്ല

കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് മുതല്‍ ജനുവരി പതിനെട്ട് വരെ തമിഴ്‌നാട്ടിലെ ആരാധനാലയങ്ങളില്‍ പ്രവേശനമില്ല

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ഇന്നു മുതല്‍ ജനുവരി 18 വരെ ആരാധനാലയങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു. ഞായറാഴ്ച സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പിലാക്കാനും തീരുമാനമായി.

ലോക്ഡൗണില്‍ നിന്ന് അവശ്യ സേവനങ്ങളെ ഒഴിവാക്കും. പൊതു ഗതാഗതങ്ങളില്‍ 75 ശതമാനം യാത്രക്കാര്‍ക്ക് മാത്രമായിരിക്കും യാത്രാനുമതി. ജനുവരി 31 വരെയാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. ഒമിക്രോണിനെ നേരിടാന്‍ പൂര്‍ണ സജ്ജരാണെന്നും തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വാക്‌സിന്‍ വിതരണത്തില്‍ വര്‍ധനവുണ്ടായെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

സംസ്ഥാനത്ത് 64 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചു. 15നും 18നും ഇടയില്‍ പ്രായമുള്ള 74 ശതമാനം കുട്ടികളും വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. ബൂസ്റ്റര്‍ ഡോസിനും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

2021 ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ ഡെല്‍റ്റ വകഭേദം സൃഷ്ടിച്ച രൂക്ഷ വ്യാപനം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും സ്റ്റാലിന്‍ അറിയിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.