സിഡ്‌നി: കോവിഡ് വാക്‌സിന്‍ എടുക്കാതെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനെത്തി നിയമക്കുരുക്കില്‍പെട്ട ലോക ഒന്നാം ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ രണ്ടാമതും റദ്ദാക്കി ഓസ്‌ട്രേലിയ. ഓസ്ട്രേലിയന്‍ കുടിയേറ്റ വകുപ്പ് മന്ത്രി അലക്‌സ് ഹോക്കിന്റെയാണ് നടപടി. മൂന്നു വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നത് താരത്തിന് വിലക്കുമേര്‍പ്പെടുത്തി. സര്‍ക്കാരുമായുള്ള നിയമപോരാട്ടത്തില്‍ ഫെഡറല്‍ കോടതി വിധിയുടെ അനുകൂല വിധി സമ്പാദിച്ച് ഓസ്‌ട്രേലിയയില്‍ തുടരുന്ന ജോക്കോവിച്ചിന്റെ വിസ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കുകയായിരുന്നു. ഇതോടെ സെര്‍ബിയന്‍ താരത്തിന് തിങ്കളാഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനുള്ള സാധ്യത മങ്ങി.
കോവിഡ് വാക്‌സിന്‍ എടുക്കാതെ ഓസ്‌ട്രേലിയയില്‍ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരെ നടപടിയെടുത്തതെന്നും പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും കുടിയേറ്റ മന്ത്രി അലക്‌സ് ഹോക് വ്യക്തമാക്കി. കോവിഡ് വ്യാപനം ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഓസ്ട്രേലിയയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ സ്‌കോട്ട് മോറിസണ്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അലക്‌സ് ഹോക് പറഞ്ഞു.
താരം ഉടന്‍ ഓസ്‌ട്രേലിയ വിടണമെന്നാണു നിര്‍ദേശം. അതേസമയം, ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ വീണ്ടും കോടതിയെ സമീപിച്ചതായി താരത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഫെഡറല്‍ സര്‍ക്യൂട്ട് കോടതിയില്‍ ജഡ്ജി ആന്റണി കെല്ലി കേസില്‍ ഇന്ന് രാത്രി വാദം കേള്‍ക്കും.
എത്രയും പെട്ടെന്ന് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചാല്‍ മാത്രമേ താരത്തിന് ടൂര്‍ണമെന്റില്‍ കളിക്കാനാകൂ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ ടൂര്‍ണമെന്റില്‍ താരത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി സീഡിങ്ങും മത്സരക്രമവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുടിയേറ്റ മന്ത്രാലയത്തിന്റെ പുതിയ നടപടി.
കോവിഡ് വാക്‌സിനെടുക്കാതെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍വന്ന ജോക്കോവിച്ചിന്റെ വിസ മെല്‍ബണ്‍ വിമാനത്താവളത്തില്‍വെച്ച് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അഭയാര്‍ഥികളെ താമസിപ്പിക്കുന്ന ഹോട്ടലിലേക്കു മാറ്റി. അഞ്ചു ദിവസത്തിനുശേഷം കോടതിവിധിയെ തുടര്‍ന്നാണ് താരത്തെ മോചിപ്പിച്ചത്.
വിസയ്ക്കായി സമര്‍പ്പിച്ച യാത്ര രേഖകളില്‍ പിഴവ് സംഭവിച്ചു എന്ന് ജോക്കോവിച്ച് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഓസ്‌ട്രേലിയയിലേക്കു യാത്രതിരിക്കും മുന്‍പ് സ്‌പെയിനില്‍ പോയ കാര്യം മറച്ചുവെച്ചിരുന്നു. ഡിസംബര്‍ 16-ന് താന്‍ കോവിഡ് പോസിറ്റീവായിരുന്നതിനാലാണ് വാക്‌സിന്‍ എടുക്കാതിരുന്നത് എന്നാണ് ജോക്കോ വാദിച്ചത്. എന്നാല്‍, അതിന്റെ പിറ്റേന്ന് ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ കോവിഡ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകള്‍ സമ്മതിച്ച് ജോക്കോവിച്ച് രംഗത്തെത്തി. ഇമിഗ്രേഷന്‍ ഫോമില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും കോവിഡ് പോസിറ്റീവായിരുന്നപ്പോള്‍ ഒരു മാധ്യമ റിപ്പോര്‍ട്ടറുമായി സംസാരിച്ചെന്നും താരം പറഞ്ഞു.
കോവിഡ് പോസിറ്റീവ് ആയ ശേഷം പൊതു പരിപാടിയില്‍ പങ്കെടുത്തെന്ന ജോക്കോവിച്ചിന്റെ വെളിപ്പെടുത്തലിനെതിരെ മാതൃരാജ്യത്തുനിന്നും സഹ താരങ്ങളില്‍ നിന്നടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.