അമേരിക്കയില്‍ തീവ്ര വേഗതയില്‍ ഒമിക്രോണ്‍;പകുതി സംസ്ഥാനങ്ങളിലെയും ആശുപത്രികള്‍ നിറഞ്ഞു

അമേരിക്കയില്‍ തീവ്ര വേഗതയില്‍ ഒമിക്രോണ്‍;പകുതി സംസ്ഥാനങ്ങളിലെയും ആശുപത്രികള്‍ നിറഞ്ഞു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം തീവ്രം. രോഗികളെ ഉള്‍ക്കൊള്ളാനുള്ള പരമാവധി ശേഷിയിലേക്ക് പകുതി സംസ്ഥാനങ്ങളിലെയും ആശുപത്രികള്‍ എത്തിയതായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊറോണ വൈറസിനെ അപേക്ഷിച്ച് ആശുപത്രി വാസത്തിനുള്ള സാദ്ധ്യത ഒമിക്രോണ്‍ വകഭേദം കൂട്ടുന്നത് വലിയ വെല്ലുവിളിയാണ്. എട്ടു ലക്ഷത്തിലധികം കൊറോണ കേസുകളാണ് പ്രതിദിനം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാഴ്ച മുന്‍പുള്ളതിനെക്കാള്‍ 133 ശതമാനം വര്‍ധന. പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച പ്രകാരം രാജ്യത്തുടനീളമുള്ള ആശുപത്രികളിലെ ജീവനക്കാരുടെ ക്ഷാമം ലഘൂകരിക്കാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 1,000 സൈനികരെ നിയോഗിച്ചു തുടങ്ങി.

വൈറസ് ബാധയാല്‍ ആരോഗ്യ സംരക്ഷണ മേഖലയിലെ ധാരാളം പ്രവര്‍ത്തകര്‍ ഹോം ക്വാറന്റൈനിലാണ്.അടുത്ത 60 ദിവസത്തേക്ക് ആശുപത്രികളെ സഹായിക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങുകയാണ് അമേരിക്ക.മുതിര്‍ന്നവര്‍ക്കുള്ള തീവ്രപരിചരണ യൂണിറ്റ് കിടക്കകളുടെ 85 ശതമാനവും 18 സംസ്ഥാനങ്ങളില്‍ നിറഞ്ഞ സ്ഥിതിയാണുള്ളത്. അതേസമയം 24 സംസ്ഥാനങ്ങളിലെ 80 ശതമാനത്തിലേറെ ആശുപത്രി കിടക്കകളിലും രോഗികളുള്ളതായാണ് ഡാറ്റ.

അലബാമ, മിസോറി, ന്യൂ മെക്‌സിക്കോ, റോഡ് ഐലന്‍ഡ്, ടെക്‌സസ്, വിസ്‌കോണ്‍സിന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഐസിയു കിടക്കകള്‍ക്കു രൂക്ഷ ക്ഷാമമാണ്.ഈ ആഴ്ചയിലെ ഒരു ദിവസം തന്നെ 75,817 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ടെക്സാസില്‍, 92 % ഐസിയു കിടക്കകളും നിരന്തര ഉപയോഗത്തിലാണ്. ഇതില്‍ 34.3% കിടക്കകളിലും ഗുരുതരമായി കോവിഡ് ബാധിച്ചവരാണെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് അറിയിച്ചു.

വിസ്‌കോണ്‍സിനില്‍ 90.6% ഐസിയു കിടക്കകള്‍ ഉപയോഗത്തിലാണ്. ഇതില്‍ 41.4% കോവിഡ് -19 രോഗികളാണുള്ളത്. റോഡ് ഐലന്‍ഡിലും അലബാമയിലും 91 % ഐസിയു കിടക്കകളും നിറഞ്ഞിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.ആശുപത്രി ജീവനക്കാരുടെ അഭാവം മൂലമുള്ള ഗുരുതരമായ ആശങ്കകള്‍ക്കിടയിലാണ് തെക്കന്‍ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തിലും ദിനം തോറും പുതിയ റെക്കോര്‍ഡ് തിരുത്തപ്പെടുന്നത്.

കഴിഞ്ഞ ആഴ്ചയില്‍ ടെക്സാസ് സംസ്ഥാനത്ത് 35 ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്തു.കോവിഡ് ഇത്രയും വേഗത്തില്‍ സംസ്ഥാനത്ത് പടരുന്നത് ഇതാദ്യമായാണെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ആന്‍ഡ് ഹെല്‍ത്ത് സര്‍വീസ് നിരീക്ഷിച്ചു.അതേസമയം, ന്യൂയോര്‍ക്കിലും കിഴക്കന്‍ തീരത്തും കേസുകളുടെ എണ്ണത്തിലെ അസാധാരണമായ കുതിച്ചുചാട്ടത്തിന് മാറ്റം വന്നുതുടങ്ങിയെന്നും ഗ്രാഫ് മെല്ലെ നേര്‍രേഖയിലേക്ക് വരുന്നുണ്ടെന്നും ഡാറ്റ സൂചിപ്പിക്കുന്നു.

'കൊടുമുടി കയറി, ഇനി ഇറക്കം'

ന്യൂയോര്‍ക്ക് സിറ്റിയില്‍, അടുത്ത ദിവസങ്ങളില്‍ പുതിയ കേസുകളുടെ നിരക്കില്‍ താഴ്ച വന്നിട്ടുള്ളതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.ന്യൂജേഴ്സിയിലും മേരിലാന്‍ഡിലും അണുബാധകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി.കൊടുമുടി കയറിയ ശേഷമുള്ള ഇറക്കം ആരംഭിച്ചതായി തോന്നുന്നുവെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കുള്‍ അഭിപ്രായപ്പെട്ടു. 'അവസാനമായിട്ടില്ല. പക്ഷേ അനിവാര്യമായ പ്രതീക്ഷയുടെ തിളക്കം കാണുന്നുണ്ട്.'- അവര്‍ പറഞ്ഞു.

ഒമിക്റോണ്‍ വേരിയന്റ് കാരണം ഈ ആഴ്ച കൊറോണ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണം റെക്കോര്‍ഡ് കടന്നെന്ന് അലബാമ സംസ്ഥാനം റിപ്പോര്‍ട്ട് ചെയ്തു. 60 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ 13 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ള എല്ലാവരും അക്കാര്യത്തില്‍ ഉദാസീനത വെടിയണമെന്ന് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു. അലബാമയിലെ വാക്‌സിനേഷന്‍ നിരക്ക് വളരെ കുറവായി തുടരുന്നു.ജനസംഖ്യയുടെ 48% മാത്രമാണ് പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തത്.

രാജ്യത്തുടനീളമുള്ള ടെസ്റ്റ് കിറ്റ് ക്ഷാമം ഒമിക്രോണ്‍ വേരിയന്റിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതിനാല്‍, 1 ബില്യണ്‍ സൗജന്യ ഹോം ടെസ്റ്റ് കിറ്റുകള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ബൈഡന്‍ അറിയിച്ചു. ആളുകള്‍ക്ക് ടെസ്റ്റുകള്‍ക്കായ അഭ്യര്‍ത്ഥിക്കാന്‍ കഴിയുന്ന വെബ്സൈറ്റ് അടുത്ത ആഴ്ച പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുന്ന 500 മില്യണ്‍ അറ്റ്-ഹോം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ജനുവരി 19-ന് ലഭ്യമാകും.ഇവ വീടുകളിലേക്ക് സൗജന്യമായി മെയില്‍ ചെയ്യുമെന്നു വൈറ്റ് ഹൗസ് അറിയിച്ചു.

ഇതിനിടെ, വന്‍കിട ബിസിനസ്സുകളിലെ ജീവനക്കാര്‍ക്ക് കോവിഡ് -19 നെതിരെ വാക്‌സിനേഷന്‍ അല്ലെങ്കില്‍ ആഴ്ചതോറുമുള്ള പരിശോധന വ്യവസ്ഥ ചെയ്യുന്ന നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് ബൈഡന്‍ ഭരണകൂടത്തെ സുപ്രീം കോടതി തടഞ്ഞത് വാക്‌സിനേഷന്‍ യത്‌നങ്ങള്‍ക്കു ഹാനികരമായി.80 ദശലക്ഷത്തിലധികം പേര്‍ക്ക് ബാധകമാകുമായിരുന്നു ഈ വ്യവസ്ഥ. കോടതി വിധിയെ ബൈഡന്‍ അപലപിച്ചു.

https://twitter.com/WhiteHouse/status/1482072724000456710


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.