മെല്‍ബണ്‍: കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തതിന്റെ പേരില്‍ നിയമക്കുരുക്കില്‍പെട്ട ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് വീണ്ടും ഓസ്‌ട്രേലിയയില്‍ കരുതല്‍ തടങ്കലില്‍. താരത്തിന്റെ വിസ രണ്ടാമതും റദ്ദാക്കിയതിനു പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വീണ്ടും തടങ്കലിലാക്കിയത്.
ഇമിഗ്രേഷന്‍ മന്ത്രിയാണ് സവിശേഷ അധികാരം ഉപയോഗിച്ച് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയത്. ജോക്കോവിച്ചിന്റെ സാന്നിധ്യം രാജ്യത്ത് അശാന്തിയുണ്ടാക്കുമെന്നും വാക്‌സിനേഷനില്‍നിന്ന് ഒഴിവാകുന്നതില്‍ പലരെയും പ്രേരിപ്പിക്കുമെന്നും വാദിച്ചാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വീണ്ടും തടവിലാക്കിയത്. അനുകൂല കോടതിവിധിയുടെ ബലത്തില്‍ മെല്‍ബണില്‍ പരിശീലനം നടത്തിവന്നിരുന്ന ജോക്കോവിച്ചിനോട് ഇന്നു ഹാജരാകാന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വീണ്ടും തടങ്കലിലാക്കിയത്.
നിലവില്‍ ജോക്കോവിച്ചിനെ മെല്‍ബണിലാണ് തടങ്കലിലാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നാടുകടത്താനുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ജോക്കോവിച്ച് വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ തീര്‍പ്പ് വരുന്നതുവരെ താരത്തെ തടങ്കലില്‍ വയ്ക്കാനാണ് തീരുമാനം. നാളെ രാവിലെയാണ് ഫെഡറല്‍ കോടതി ജോക്കോയുടെ വാദം കേള്‍ക്കുന്നത്.
ജോക്കോവിച്ചിനെ ഓസ്‌ട്രേലിയയില്‍ തുടരാന്‍ അനുവദിക്കുന്നത് വാക്‌സിനേഷന്‍ വിരുദ്ധ വികാരം സജീവമാക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ അധികൃതരുടെ വാദം. വാക്‌സിനെതിരേയുള്ള പ്രതിഷേധങ്ങളും സമരങ്ങളും മൂലം ഇപ്പോള്‍തന്നെ വീര്‍പ്പുമുട്ടുന്ന ഓസ്ട്രേലിയയില്‍ ആഭ്യന്തര കലാപവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. വാക്സിന്‍ വിരുദ്ധ വികാരമുള്ള ഒരു സമൂഹത്തിന്റെ പ്രേരകശക്തിയായാണ് അദ്ദേഹത്തെ കാണുന്നത് എന്ന് ഇമിഗ്രേഷന്‍ മന്ത്രി അലക്‌സ് ഹോക്ക് പറഞ്ഞു.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ മെല്‍ബണിലെത്തിയ ജോക്കോയുടെ വീസ രണ്ടാം തവണയാണു റദ്ദാക്കുന്നത്. ആദ്യ തവണ കോടതിവിധിയിലൂടെ രക്ഷപ്പെട്ട ജോക്കോയ്ക്ക് ഇനി തിങ്കളാഴ്ച തുടങ്ങുന്ന ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ല. വിസ റദ്ദായതോടെ ഓസ്‌ട്രേലിയയിലേക്കു മൂന്നു വര്‍ഷത്തെ പ്രവേശനവിലക്കും നേരിടേണ്ടിവരും.
കോവിഡ് വാക്‌സിന്‍ എടുക്കാതിരുന്നതിനുള്ള രേഖകള്‍ ഹാജരാക്കാത്തതിന്റെ പേരിലാണു ജോക്കോയുടെ വീസ ഓസ്‌ട്രേലിയ ആദ്യം റദ്ദാക്കിയത്. പിന്നാലെ കോടതിയെ സമീപിച്ച് ജോക്കോ വീസ പുനഃസ്ഥാപിച്ചു. ഓസ്‌ട്രേലിയയിലെ പൊതുജനതാല്‍പര്യം കണക്കിലെടുത്താണു താന്‍ ജോക്കോയുടെ വീസ റദ്ദാക്കിയതെന്നു മന്ത്രി അലക്‌സ് ഹോക് പറഞ്ഞു. വാക്‌സീന്‍ എടുക്കാത്ത ജോക്കോയ്ക്കു ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇളവു നല്‍കിയതു സംഘാടകരും വിക്‌ടോറിയ സംസ്ഥാന ഭരണകൂടവുമാണ്.
ഇമിഗ്രേഷന്‍ ഫോം പൂരിപ്പിച്ചപ്പോള്‍ പിഴവുപറ്റിയെന്നും കോവിഡ് സ്ഥിരീകരിച്ച ശേഷവും സെര്‍ബിയയില്‍ ചില പരിപാടികളില്‍ പങ്കെടുത്തെന്നും ജോക്കോ കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.