കുടുംബ ജീവിതം കുട്ടിക്കളിയല്ല... മാതൃകയാണ് ഈ വൃദ്ധ ദമ്പതികള്‍; 81-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് റോണും ജോയ്‌സും

കുടുംബ ജീവിതം കുട്ടിക്കളിയല്ല... മാതൃകയാണ് ഈ വൃദ്ധ ദമ്പതികള്‍;  81-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് റോണും ജോയ്‌സും

വിവാഹ ബന്ധത്തിന് ആയുസ് കുറഞ്ഞ ആധുനിക കാലഘട്ടത്തില്‍ വിസ്മയമായി മാറുകയാണ് ബ്രിട്ടണിലെ ജോയ്‌സ് ബോണ്ട് - റോണ്‍ ദമ്പതികള്‍. മില്‍ട്ടണ്‍ കെയ്ന്‍സിലെ ഷെന്‍ലി വുഡ് റിട്ടയര്‍മെന്റ് വില്ലേജില്‍ താമസിക്കുന്ന ഇരുവരും കഴിഞ്ഞ ദിവസം ആഘോഷിച്ചത് 81-ാം വിവാഹ വാര്‍ഷികമാണ്!

യു.കെയില്‍ ഏറ്റവും കൂടുതല്‍ കാലം ഒരുമിച്ച് ജീവിച്ച ദമ്പതികളാണ് ഇവര്‍ എന്ന് കരുതുന്നു. 1941 ജനുവരി നാലിന് ബക്കിംഗ്ഹാംഷെയറിലെ ന്യൂപോര്‍ട്ട് പാഗ്‌നെലില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ ജോയ്‌സ് ബോണ്ടിന് 102 ഉം റോണിന് 100 ഉം വയസുണ്ട്.

ബ്ലെനൗ ഗ്വെന്റിലെ ബ്ലെയ്നയില്‍ നിന്നുള്ള റോണും മില്‍ട്ടണ്‍ കെയ്നിലെ ബോ ബ്രിക്ക് ഹില്ലില്‍ ജനിച്ച ജോയ്സും ബ്ലെച്ച്ലിയില്‍ വച്ചാണ് കണ്ടുമുട്ടിയത്. ഇത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു എന്ന് ഇരുവരും സമ്മതിക്കുന്നു. പിന്നീട് എട്ടു പതിറ്റാണ്ടു കഴിഞ്ഞ സന്തോഷകരമായ ദാമ്പത്യ ജീവിതം.

'തങ്ങളുടെ ബന്ധത്തില്‍ ആരും ബോസല്ല. ഇതൊരു കൊടുക്കല്‍-വാങ്ങല്‍ ആണ്. 81 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിലെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും കാലം ഒരുമിച്ച് ജീവിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ വളരെ ഭാഗ്യവാന്മാരാണ്. അത് മികച്ചതായി തോന്നുന്നു. ചിലപ്പോള്‍ ജീവിതം കഠിനമാണെന്ന് തോന്നുമെങ്കിലും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ പരസ്പരം നോക്കുന്നു'- ഇതായിരുന്നു 81 ന്റെ ദാമ്പത്യ നിറവിലും ഈ വൃദ്ധ ദമ്പതികളുടെ പ്രതികരണം.

ദമ്പതികള്‍ക്ക് എലീന്‍, ബില്‍ എന്നിങ്ങനെ രണ്ട് മക്കളാണ്. ഇപ്പോള്‍ മൂന്ന് പേരക്കുട്ടികളും ആറ് കൊച്ചുമക്കളും ഉണ്ട്. വിരമിക്കുന്നതിന് മുമ്പ് ബോണ്ട് ബ്ലെച്ച്ലിയിലെ ഒരു ഷെല്‍ ഗാരേജില്‍ ജോലി ചെയ്തു. റോണ്‍ ക്വീന്‍സ്വേയിലെ വൂള്‍വര്‍ത്ത്സില്‍ ജോലി ചെയ്തു. 2013 ല്‍ ഇവര്‍ റിട്ടയര്‍മെന്റ് വില്ലേജിലേക്ക് മാറി.

തന്റെ മാതാപിതാക്കള്‍ ശരിക്കും പ്രചോദനാത്മകമായ ദമ്പതികളാണ് എന്ന് അവരുടെ മകള്‍ എലീന്‍ പറയുന്നു: 'കുടുംബം പോറ്റാന്‍ അച്ഛനും ഞങ്ങളുടെ വീടും ഞങ്ങളെയും നന്നായി പരിപാലിക്കാന്‍ അമ്മയും കഠിനാധ്വാനം ചെയ്തു. അവരോടൊപ്പം സമയം ചെലവഴിച്ചാല്‍ മതി വിവാഹം കഴിഞ്ഞ് 81 വര്‍ഷങ്ങള്‍ക്ക് ശേഷവും അവര്‍ പരസ്പരം സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുവെന്ന് തിരിച്ചറിയാന്‍'.

കഴിഞ്ഞ വര്‍ഷം എണ്‍പതാം വിവാഹ വാര്‍ഷികം ആഘോഷിച്ച ദമ്പതികള്‍ക്ക് എലിസബത്ത് രാജ്ഞിയില്‍ നിന്ന് രേഖാമൂലമുള്ള അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.