തിരുവനന്തപുരം: ഇടുക്കി എന്‍ജിനീയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ അഞ്ചുപേരും നിരപരാധികളാണെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ധീരജിനെ കുത്തിയത് ആരെന്ന് ദൃക്‌സാക്ഷികള്‍ക്ക് പറയാനാകുന്നില്ലെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.
നിഖില്‍ പൈലി ധീരജിനെ കുത്തിയത് ആരും കണ്ടിട്ടില്ല. രക്ഷപ്പെടാന്‍ വേണ്ടിയാണ് നിഖില്‍ ഓടിയത്. നിഖിലാണ് കുത്തിയതെന്ന് ബോധ്യമാകാത്തത് കൊണ്ടാണ് അപലപിക്കാത്തത്. പ്രതികള്‍ക്ക് എല്ലാ നിയമ സഹായവും നല്‍കും. കുത്തിയത് ആരെന്ന് പൊലീസ് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിഖില്‍ പൈലിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓടിച്ചു. അതിനിടെ ധീരജ് ഇടി കൊണ്ട് വീണുവെന്നാണ് മൊഴി. ആര് കുത്തി എന്ന് പറയുന്നില്ല. ഇത് എങ്ങനെയാണ് കെഎസ്‌യുവിന്റെ തലയില്‍ വരുന്നതെന്ന് കെ.സുധാകരന്‍ ചോദിച്ചു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ കരുവാണ് ആ കുട്ടി. ഒരു ജീവന്‍ പൊലിഞ്ഞത് ദുഃഖകരമായ സംഭവമാണ്. ആ കുടുംബത്തെ തള്ളിപ്പറയില്ല. ധീരജിന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. തന്റെ മനസ് കല്ലും ഇരുമ്പുമല്ല, മനുഷ്യത്വം സൂക്ഷിക്കുന്ന മനുഷ്യനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ മരണത്തിലും ആഘോഷം നടക്കുകയാണ്. മരിച്ച ഉടന്‍ ശവകുടീരം കെട്ടാന്‍ എട്ട് സെന്റ് സ്ഥലം വാങ്ങി ആഘോഷമാക്കാന്‍ ശ്രമിച്ചു. അവിടെ മാത്രമല്ല ആഘോഷം, തിരുവനന്തപുരത്ത് തിരുവാതിര നടത്തി പിണറായിയെ പുകഴ്ത്തിയെന്നും കെ.സുധാകരന്‍ വിമര്‍ശിച്ചു.
സിപിഎം ഭരണത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് 54 കൊലപാതകമുണ്ടായി. ഇതില്‍ 28 എണ്ണത്തില്‍ സിപിഎമ്മാണ് പ്രതിയായത്. 12 എണ്ണത്തില്‍ ബിജെപി പ്രതികളാണ്. ഒരു കേസില്‍ ലീഗും. ധീരജ് കേസ് മാത്രമാണ് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധീരജിനെ ഉടനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാവാത്ത പൊലീസ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.