ആശാന്‍ മലയാണ്മയുടെ തിരുശേഷിപ്പ്

ആശാന്‍ മലയാണ്മയുടെ തിരുശേഷിപ്പ്

മലയാള കവിതയ്ക്കു ഭൂരിപുക്കള്‍ വിടരുന്ന പൊയ്കയും തീരവും വഴികളും തരുക്കളും, ചാരു വായ പുല്‍ത്തറയും, എഴുത്തുപള്ളിയും പണിത സര്‍ഗാത്ഭുതമാണ് കുമാരനാശാന്‍. അക്ഷരങ്ങളുടെ കുലീനത പൂത്തുലയുന്ന കാവ്യവസന്തം ചമച്ച ആശയഗംഭീരനായ ആശാന്റെ ചരമദിനമാണ് ജനുവരി 16.

കവിതയുടെ പ്രപഞ്ചം സ്വന്തം പ്രതിഭകൊണ്ടളന്ന കുമാരനാശാന്‍, നിത്യഭാസുരമായ ആശയങ്ങള്‍ക്ക് അക്ഷരങ്ങളുടെ ഉടല്‍ നല്‍കി, അലങ്കാരത്തിന്റെ ആടയാഭരണങ്ങള്‍ ഉടുപ്പിച്ചു. കാവ്യഗംഗയെ വഴിതിരിച്ചു വിട്ട് സ്വന്തം നിലത്തുകൂടി, നിലപാടുകളില്‍കൂടി ഒഴുക്കി. വീണപൂവിന്റെ ഈണം കൊണ്ട്, മലയാളിയുടെ മനസുണര്‍ത്തി. നളിനിയും ലീലയും സീതയും ഭിക്ഷുകിയും ചേര്‍ന്നു പാടിയ സംഘഗാനം മലയാളിയുടെ ആസ്വാദനത്തിന്റെ ആകാശങ്ങളില്‍ അലയടിച്ചു.

1873 ഏപ്രില്‍ 12ന് കൊല്ലും ജില്ലയിലെ ചിറയിന്‍കീഴിനടുത്ത് കായിക്കര ഗ്രാമത്തില്‍ ജനിച്ച കുമാരനാശാന്‍ 1924 ജനുവരി 16ന് 51-ാം വയസില്‍ പല്ലനയാറ്റിലെ ബോട്ടപകടത്തില്‍ മരിക്കുമ്പോഴേക്കും കേരള കവിതയുടെ പാഠപുസ്തകമായി മാറിയിരുന്നു.

ആശാന്‍ കവിതയുടെ സ്ഥായിഭാവം ഭക്തിയോ വിഭക്തിയോ എന്നത് നിരൂപക മുനിമാരുടെ ധ്യാനമാണ്. നളിനിയും ലീലയും കരുണയും ആ കവി മനസിലെ രതിവിരതി സംഘര്‍ഷങ്ങളുടെ ആവിഷ്‌കാരമാണ്.

''സ്‌നേഹമാണഖിലസാരമൂഴിയില്‍
സ്‌നേഹസാരമിഹ സത്യമേകമാം'
എന്ന വിശ്രുതമായ ഈരടികള്‍ മലയാളിയുടെ മൂല്യബോധത്തിലെഴുതി, സ്‌നേഹം മൂലം മോഹനമായ ഈ ഭുവനസംഗം വെടിയാന്‍ ഉദ്‌ബോധിപ്പിച്ച്, ''ധ്രുവ മിഹ മാംസനിബദ്ധമല്ല രാഗം', ''ഹാ! സുഖങ്ങള്‍ വെറും ജാലം'', ''അവനിവാഴ്‌വു കിനാവു കഷ്ടം' എന്നെല്ലാം പഠിപ്പിക്കുന്ന ആശാന്റെ കാവ്യചേതന ആത്മീയതയുടെ അരൂപിയില്‍ കുളിച്ചതാണെന്നതില്‍ സംശയമില്ല.

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യത്വത്തിലെ ആത്മീയ ജീവിതവും തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കുടുംബ ജീവിതവും മനുഷ്യസത്തയുടെ പരിണാമങ്ങള്‍ അനുഭവിച്ചറിയാന്‍ വഴിയൊരുക്കിയപ്പോള്‍, മണിമാലയും വനമാലയും സൗന്ദര്യ ലഹരിയും മറ്റു സ്‌തോത്ര കൃതികളുമുള്‍പ്പടെ ആത്മീയ കാവ്യങ്ങളും, ദുരവസ്ഥ, പ്രരോദനം, വീണപൂവ് തുടങ്ങിയ സാമൂഹ്യ മൂല്യ വിചിന്തനങ്ങളും ബാലരാമായണം, ശ്രീബുദ്ധചരിതം, ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, കരുണ തുടങ്ങിയ ഇതിഹാസ സ്പര്‍ശികളായ കാവ്യങ്ങളും നളിനി, ലീല, ഒരു സിംഹപ്രസവം, പുഷ്പ വാടി തുടങ്ങിയ നവഭാവുക പ്രകാശനങ്ങളും മലയാണ്മയുടെ തിരുശേഷിപ്പുകളായി.

''ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദിശ വന്നപോലെ പോം
വിരയുന്നു, മനുഷ്യനേതിനോ
തിരിയാ ലോക രഹസൃമാര്‍ക്കുമേ''', എന്ന് ഉത്കണ്ഠപ്പെടുമ്പോഴും
''സ്‌നേഹത്തില്‍ നിന്നുദിക്കുന്നു ലോകം,
സ്‌നേഹത്താല്‍ വൃദ്ധിതേടുന്നു''
എന്നു വിശ്വസിക്കാന്‍ ആശാന്‍ ഇഷ്ടപ്പെട്ടു.

''പരമഹിതമറിഞ്ഞുകൂടായു
സ്തിരതയുമി, ല്ലതിനിന്ദ്യമീ നരത്വം' എന്ന സങ്കടം,
''സ്ഥിരമാത്മനിന്ത്രണം സുഖം
പരതന്ത്രം സുഖമൊക്കെ ദുഃഖമാം' എന്ന വെളിപാടിലേക്കാണ് അദ്ദേഹത്തെ നയിച്ചത്.
''പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയേക്കാള്‍ ഭയാനകം..''

മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെ താന്‍'' എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് സര്‍വവിധ അടിമത്തങ്ങള്‍ക്കും നേരേ, വാക്കിന്റെ ചുരികയെറിഞ്ഞ ആശാന്‍ അക്ഷരംകൊണ്ട് തന്റെ കാലത്തിന്റെ വിമോചകനായി.

ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നീ ആധുനിക കവിത്രയത്തിന് പകരം നില്‍ക്കുന്ന പ്രതിഭകള്‍ക്കായി മലയാളം ഇനിയുമേറെ കാത്തിരിക്കണമെന്ന ആശ അവതിരിപ്പിക്കുകയാണ് ആശാന്‍ ഇന്നും. നമുക്ക് ആശാനെ പഠിക്കാം; അലങ്കാരവാക്കുകള്‍ കൊണ്ടു മാത്രമല്ല, സമയം കണ്ടെത്തി, ആശാന്‍ കവിതകളെ ആസ്വദിച്ചു കൊണ്ടു തന്നെ.

ആശാന്‍ മൊഴിയൊഴുകുന്ന വഴികള്‍...

''കവിതയിലൊരു വിതയുണ്ട്'' എന്നത് ഒരു കുഞ്ഞുണ്ണി കവിതയാണ്. എന്നാല്‍ ഓരോ കവിതയിലും ഒരായിരം വിതയും കൊയ്ത്തുമുണ്ട് എന്ന, കവനകലയിലെ അദ്ഭുത പ്രതിഭാ വിലാസത്തിന്റെ വെളിപാടും വെളിച്ചപ്പാടുമാണ് മലയാളത്തിന്റെ മഹാകവി കുമാരനാശാന്‍!
വീണപൂവിന്റെ വിലോലമായ ഇതളുകളില്‍ നിറമിഴി മുനകൊണ്ടെഴുതിയ മഹാകാവ്യം മലയാള ഭാഷയുടെ സര്‍ഗപുണ്യഭൂമികയാക്കിയ കുമാരനാശാനോളം വളര്‍ന്നില്ല, വളരുന്നുമില്ല, ഇന്നോളമുള്ള മലയാളത്തിന്റെ അക്ഷരതാരാപഥങ്ങള്‍!

ഓരോ അക്ഷരത്തിലും നക്ഷത്രങ്ങളെ വിരിയിച്ച്, ഓരോ വാക്കിലും ആകാശങ്ങള്‍ ചമച്ച്, ഓരോ കവിതയിലും ഒരു സൗരയൂഥം സൃഷ്ടിച്ചു മഹാകവി കുമാരനാശാന്‍ സ്വയം വിശ്വസാഹിത്യ നഭസിലെ ഒരു താരാപഥമായി ഇന്നും പ്രകാശവര്‍ഷം ചൊരിയുകയാണ്.

1873 ഏപ്രില്‍ 12-ാം തീയതിയിലെ ചിത്ര പൗര്‍ണമി നാളില്‍ കൊല്ലം ജില്ലയിലെ ചിറയിന്‍കീഴ് കായിക്കര ഗ്രാമത്തില്‍ ജനിച്ച് ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായി ജീവിതം ആരംഭിച്ച്, ഭാഷയും സാഹിത്യവും പഠിച്ച് വളര്‍ന്ന കുമാരന്‍, 1903-ല്‍ എസ്എന്‍ഡിപി യോഗത്തിന്റെ പ്രഥ ജനറല്‍ സെക്രട്ടറിയായി പൊതു ജീവിതം ആരംഭിച്ചു. ശ്രീമൂലം പ്രജാസഭാ മെംബറും നിയമസഭാംഗവും സാമൂഹിക പ്രവര്‍ത്തകനുമൊക്കെയായി പൊതുജീവിതം മുന്നോട്ടു നയിച്ചു കുമാരനാശാന്‍ 1907-ല്‍ പ്രസിദ്ധപ്പെടുത്തിയ വീണപൂവ് എന്ന വിശ്രുത ഖണ്ഡകാവ്യത്തിലൂടെ മലയാള സാഹിത്യ നഭസിലെ അക്ഷരസൂര്യനായി ജ്വലിച്ചുയര്‍ന്നു.

1924 ജനുവരി 16-ാം തീയതി തന്റെ 51-00 വയസില്‍ പല്ലനയാറ്റിലെ ബോട്ടപകടത്തില്‍ അകാല മൃത്യു വരിച്ചപ്പോഴേക്കും മലയാള ഭാഷയുടെ അക്ഷരമൊന്നു പോലും പിഴയ്ക്കാത്ത ആശാനായി അദ്ദേഹം സ്വയം അടയാളപ്പെടുത്തിയിരുന്നു! അദ്ദേഹത്തിന്റെ അകാല വിയോഗത്തിന്റെ 98-00 വര്‍ഷത്തിലും 96 വര്‍ഷം മുമ്പ് വെയ്ല്‍സ് രാജകുമാരന്‍ ആശാനെ അണിയിച്ച പട്ടും വളയുമണിഞ്ഞുകൊണ്ട്, ഭാഷയുടെ രാജവീഥിയിലൂടെ എഴുന്നള്ളുന്നുണ്ട്, നളിനി, ലീല, സീത, വാസവദത്ത, ചണ്ഡാലഭിക്ഷുകി തുടങ്ങിയ ആശാന്റെ രാജകുമാരികള്‍!

മനുഷ്യാസ്തിത്വത്തിന്റെ അടിസ്ഥാന ഭാവങ്ങളായ രതിയും വിരതിയും ഒരു മനുഷ്യ മനസില്‍ നടത്തുന്ന പോരാട്ടത്തിന്റെ സാക്ഷര സാക്ഷ്യമാണ് ആശാന്റെ കവിതകള്‍! ആശയങ്ങളുടെ ഉള്‍ക്കനമുള്ള ആശാന്‍ കവിതകള്‍ ഭാവവും രൂപവും ഭ്രദമായ അനുപമ സൃഷ്ടികളാണ്. മനുഷ്യന്റെ വ്യക്തി-സമൂഹ ബന്ധങ്ങളും ആയുസിന്റെ നൈമിഷികതയും ഇത്രത്തോളം കാവ്യ സുന്ദരമാക്കി അവതരിപ്പിക്കാന്‍ മലയാളത്തില്‍ മറ്റാര്‍ക്കും വരം ലഭിച്ചിട്ടില്ല.

ക്ഷണ പ്രഭാചഞ്ചലമായ ഈ അവനിവാഴ്‌വ്, വെറും കിനാവാണെന്നും ''ഗുണികളൂഴിയില്‍ നീണ്ടുവാഴാ'യെന്നും നമ്മെ സദാ ഓര്‍മ പ്പെടുത്തുന്ന ഈ ദാര്‍ശനിക ഭാവഭ്രദതയില്‍ ആശാന്റെ ജീവിത സാരമുണ്ട്.

സംസ്‌കൃത-ദ്രാവിഡ വൃത്തവഴികളിലൊഴുകിയ ആശാന്റെ മൊഴികളുടെ അനര്‍ഗളത, അലങ്കാര ശാസ്ത്രങ്ങളുടെ നിമ്‌നോന്നതങ്ങളെ തഴുകി നിറയുമ്പോള്‍, ഇവിടെ മലയാള ഭാഷ അതിന്റെ വാഗര്‍ഥസമൃദ്ധിയുടെ സാഗരഭാവം പുല്‍കുകയാണ്. പഴകിപ്പഴകി വെളിച്ചമായി മാറുന്ന ഇരുളലകളെ തിരിച്ചറിയുന്ന ആസ്വാദകന്റെ മനസില്‍ ആശാന്‍, അക്ഷരം പോലെതന്നെ, അക്ഷയമായ സര്‍ഗ ഭാവമാണ്, എന്നും. നളിനിയേയും ലീലയേയും സ്‌നേഹിക്കുന്നവനെ മാത്രമേ മലയാളിയെന്നു വിളിക്കാവൂ. ''സ്‌നേഹമാണഖിലസാരമൂഴിയില്‍'' എന്ന ഒറ്റവരിയെങ്കിലും മനപാഠമാക്കുന്ന മലയാളിയുടെ കാതില്‍ ഇന്നും ആശാന്‍ ചൊല്ലിത്തരുന്നുണ്ടിങ്ങനെ; ''സ്‌നേഹസാര മിഹസത്യമേകമാം!'

ഫാ. റോയി കണ്ണന്‍ചിറ സിഎംഐ എഴുതിയ പ്രപഞ്ചമാനസം എന്ന ഗ്രന്ഥത്തില്‍ നിന്ന് എടുത്ത ഭാഗമാണിത്.
ഫാ. റോയി കണ്ണന്‍ചിറ സിഎംഐയുടെ കൂടുതല്‍ രചനകള്‍ വായിക്കുന്നതിന്: cnewslive.com




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26